കൊല്ലം: ഉത്സവ സ്ഥലത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബന്ധുവായ യുവാവിനെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ അഞ്ച് പേരെ പൊലീസ് പിടികൂടി. പാരിപ്പള്ളി എഴിപ്പുറം ചരുവിള വീട്ടിൽ രാഹുൽ (അപ്പു, 24), എഴിപ്പുറം ചിറയിൽ പുത്തൻ വീട്ടിൽ സഞ്ചിത്ത് (21), എഴിപ്പുറം മണികണ്ഠ വിലാസത്തിൽ വിവേക് (ഉണ്ണിക്കുട്ടൻ, 25) വിവേകിന്റെ സഹോദരൻ വിപിൻ (കുക്കു, 21) പാരിപ്പളളി എഴിപ്പുറം ലക്ഷം വീട് കോളനിയിൽ ചിറയിൽ പുത്തൻ വീട്ടിൽ അജി (33) എന്നിവരാണ് പാരിപ്പളളി പൊലീസിന്റെ പിടിയിലായത്.

സംഭവത്തിന് ശേഷം ഒളിവിലായ പ്രതികൾ കോട്ടയം കടുത്തുരുത്തിയിലുളളതായി ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പാരിപ്പളളി എഴിപ്പുറം പുതുവിള പുത്തൻ വീട്ടിൽ ഗിരീഷിനാണ് കുത്തേറ്റത്. ഗിരീഷിന്റെ സഹോദരിയുടെ മക്കളും പ്രതികളും തമ്മിൽ എഴിപ്പുറം ഗുരുനാഗപ്പൻ കാവിലെ ഉത്സവത്തിനിടെ വാക്കേറ്റവും തുടർന്ന് കൈയ്യാങ്കളിയും ഉണ്ടായി. ഇതിൽ ഇടപെട്ട് ഗിരീഷ് യുവാക്കളെ പിടിച്ച് മാറ്റിയിരുന്നു. ക്ഷേത്രത്തിലെ ഉരുള് നേർച്ചയുടെ ചുമതലയിലുളള ഗിരീഷ് അതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിജയ നഗറിൽ നടത്തുമ്പോഴായിരുന്നു ആക്രമണം.