കൊല്ലം: എ.ടി.എം തട്ടിപ്പ് കേസിൽ പിടിയിലായ ഉത്തരേന്ത്യൻ സംഘവുമായി പൊലീസ് തെളിവെടുപ്പ് നടത്തി. യു.പി സ്വദേശികളായ ദേവേന്ദ്ര സിംഗ്, വികാസ് സിംഗ് എന്നിവരെ ശങ്കേഴ്‌സ് ആശുപത്രിക്കു മുന്നിലെയും കടപ്പാക്കടയിലെയും എ.ടി.എമ്മിലാണ് തെളിവടുപ്പിനായി എത്തിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്. തട്ടിപ്പ് നടത്തിയ രീതിയെ കുറിച്ച് ഇരുവരും പൊലീസിനോട് വിശദീകരിച്ചു. അരമണിക്കൂറിലധികമെടുത്താണ് തെളിവെടുപ്പ് പൂർത്തിയായത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ട് വന്നതറിഞ്ഞ് വൻജനക്കൂട്ടവും ശങ്കേഴ്‌സ് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു.
സുരക്ഷാ വീഴ്ച മുതലെടുത്താണ് വൻതോതിൽ എ.ടി.എമ്മുകളിൽ നിന്ന് സംഘം തട്ടിപ്പ് നടത്തിയത്. വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയാണ് ഇവർ ചെയ്യുന്നത്. ഡെബിറ്റ് കാർഡുകൾ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനിടയിൽ മെഷീനുകളുടെ പ്രവർത്തനം പ്രത്യേക രീതിയിൽ അൽപ്പ നേരത്തേക്ക് തകരാറിലാക്കി പണം കവരുന്നതാണ് രീതി. യന്ത്രത്തിന്റെ സുരക്ഷ വീഴ്ച മുതലെടുത്ത് ഹൈടെക്ക് രീതിയിൽ പണം തട്ടുന്ന രീതിയാണ് ഇവർ അവലംബിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി എ.ടി.എമ്മുകളിൽ ഇവർ തട്ടിപ്പ് നടത്തിയിരുന്നു.