sndp-

കൊല്ലം: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം വളർച്ചയും പുരോഗതിയും രേഖപ്പെടുത്തിയ 1996 മുതൽ 2021 വരെയുള്ള കാലഘട്ടം യോഗ ചരിത്രത്തിലെ സുവർണ കാലഘട്ടമാണെന്ന് യോഗം അസിസ്റ്റന്റ് സെക്രട്ടറിയും കൗൺസിലറുമായ പി.ടി​. മന്മഥൻ അഭിപ്രായപ്പെട്ടു. ശ്രീനാരായണ മൂവ്‌മെന്റ് കേന്ദ്ര കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ശ്രീനാരായണ കൺവെൻഷനിൽ 'ശ്രീനാരായണ ദർശനവും ഗുരുദേവ പ്രസ്ഥാനങ്ങളും' എന്ന വിഷയം അവതരി​പ്പി​ക്കുകയായി​രുന്നു അദ്ദേഹം.

1996 നവംബർ 17ന് യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ ചുമതലയേറ്റ ശേഷമുള്ള 25 വർഷത്തെ മാറ്റം യോഗചരിത്രത്തിലെ പ്രധാനപ്പെട്ട ഏടായി​ മാറി​. കുമാരനാശാൻ യുഗം, ടി​.കെ.മാധവൻയുഗം, സി. കേശവൻ യുഗം, ആർ. ശങ്കർയുഗം, വെള്ളാപ്പള്ളി യുഗം എന്നീ അഞ്ചുയുഗങ്ങളാണ് യോഗത്തിനുള്ളത്. അതിൽ ഏറ്റവും കൂടുതൽ കാലം അഥവാ 25 വർഷം യോഗം ജനറൽ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളിയുടെ ഭരണകാലം ഒരു പുതുയുഗപ്പിറവിയാണ്. അദ്ദേഹം ചുമതലയേറ്റപ്പോൾ കേവലം 57 യൂണിയനുകളും 3000ൽ പരം ശാഖകളുമാണ് ഉണ്ടായി​രുന്നത്. യോഗത്തിന് ഇന്ന് 139 യൂണിയനുകളും 7000 ൽ പരം ശാഖകളുമുണ്ട്. വെള്ളാപ്പള്ളിയുടെ കാലത്ത് എയ്ഡഡ് കോളേജുകളും സ്‌കൂളുകളും സ്വാശ്രയ കോളേജുകളും സ്‌കൂളുകളും കൊല്ലത്തെ ലാ കോളേജും നഴ്‌സിംഗ് കോളേജും ഉൾപ്പെടെ 64 ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതുതായി സ്ഥാപിച്ചു. ശാഖകൾക്കും യൂണിയനുകൾക്കും അവരുടേതായ സ്‌കൂളുകളും കോളേജുകളും യോഗം പ്രവർത്തകരെ ചേർത്തുള്ള വിവിധ പ്രൈവറ്റ് ട്രസ്റ്റുകളുടെ നേതൃത്വത്തിൽ 14 എൻജി​നീയറിംഗ് കോളേജുകളും സ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്. ഏകദേശം 80 ശതമാനം ശാഖകൾക്കും 139 യൂണിയനുകൾക്കും സ്വന്തം കെട്ടിടങ്ങളുമുണ്ട്. ഗുരുമന്ദിരങ്ങൾ അനേകമിരട്ടിയായി​. എല്ലാ യൂണിയനുകൾക്കും സ്വന്തമായി വാഹനമുണ്ട്.

യോഗം പ്രവർത്തകരായ വനിതകൾക്ക് ഇതിനകം തന്നെ 8000 കോടി രൂപയുടെ മൈക്രോഫിനാൻസ് വായ്പ നൽകി​. സിംഹളസിംഹം സി. കേശവനും ഉന്നതശീർഷൻ ആർ. ശങ്കറും കൊല്ലത്തിന്റെ മഹാനേതാക്കളാണ്. ശ്രീനാരായണ ദർശനം ഉൾക്കൊണ്ട് ഗുരുദേവൻ സ്ഥാപിച്ച എസ്.എൻ.ഡി.പി യോഗവും ധർമ്മസംഘവും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും ഒന്നിച്ച് മുന്നേറണമെന്ന് അദ്ദേഹം അഭി​പ്രായപ്പെട്ടു. പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറിയും കേരള സ്റ്റേറ്റ് ഓർഫനേജ് ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ കൺ​വെൻഷൻ ഉദ്ഘാടനം ചെയ്തു. മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് എസ്. സുവർണകുമാർ അദ്ധ്യക്ഷനായി. ശിവഗിരിമഠത്തിലെ സ്വാമി സുകൃതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ. കെ.ശശികുമാർ, പ്രൊഫ. ജി. മോഹൻദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചർച്ചകൾക്ക് പ്രബോധ്.എസ്. കണ്ടച്ചിറ നേതൃത്വം നൽകി. ഭാരവാഹികളായ ക്ലാവറ സോമൻ സ്വാഗതവും കീർത്തി രാമചന്ദ്രൻ നന്ദി​യും പറഞ്ഞു.