കൊല്ലം: നഗരത്തിൽ 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 'സുഭിക്ഷ ഹോട്ടൽ' ഉദ്ഘാടനം കന്റോൺമെന്റിലെ സപ്ലൈകോ ഗോഡൗൺ കോമ്പൗണ്ടിൽ ഇന്ന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സംരക്ഷിക്കാൻ 2000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിച്ച പുതിയ ഗോഡൗണും മന്ത്രി ഉദ്ഘാടനം ചെയ്യും. ഗോഡൗൺ കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ച പുതിയ താലൂക്ക് സപ്ലൈ ഓഫീസ് മന്ത്രി കെ.എൻ. ബാലഗോപാലും ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളറുടെ പുതിയ ഓഫീസ് മന്ത്രി ചിഞ്ചുറാണിയും ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
മോര്, അച്ചാർ, സാമ്പാർ, രസം അല്ലെങ്കിൽ പുളിശ്ശേരി, അവിയൽ എന്നിവ സഹിതമാണ് സുഭിക്ഷ ഹോട്ടലിലെ ഊണ്. പുറമേ സ്പെഷ്യൽ ഇനങ്ങളുമുണ്ട്. ജില്ല ഭരണകൂടം ഇവയ്ക്ക് വിലയിടും. ഇരവിപുരം മണ്ഡലത്തിലെ സുഭിക്ഷ ഹോട്ടലാണ് സപ്ലൈകോ കോമ്പൗണ്ടിലേത്. കൊല്ലം നിയമസഭ മണ്ഡലത്തിലെ സുഭിക്ഷ ഹോട്ടൽ നഗരഹൃദയത്തിൽ തന്നെ ആരംഭിക്കാൻ സാദ്ധ്യതയുണ്ട്.