
ചവറ: സംസ്ഥാന കൃഷി വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിക്ക് തേവലക്കര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ് ചെയർമാനായ സമിതിക്കാണ് പദ്ധതിയുടെ ഏകോപനം. വരും ദിവസങ്ങളിൽ വാർഡ് തലത്തിൽ അംഗങ്ങൾ രക്ഷാധികാരികളായി സമിതികൾ രൂപീകരിക്കും. വാർഡ് തലത്തിൽ അഞ്ച് ഉത്തമ കൃഷി കുടുംബത്തെ തിരഞ്ഞെടുത്ത് മാസ്റ്റർ കർഷകരുടെ നേതൃത്വത്തിൽ എല്ലാ കുടുംബത്തിലും കൃഷി വ്യാപിപ്പിക്കും. കർഷക തൊഴിലാളികൾ, സ്ത്രീകൾ, യുവാക്കൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേകം ഗ്രൂപ്പുകളുണ്ടാക്കി അവരെയും കൃഷിയിൽ സജ്ജരാക്കും.
പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായ എസ്. സോമൻ, സോഫിയ സലാം, പി.ഫിലിപ്പ്, യു.ഫാത്തിമകുഞ്ഞ്, സുമയ്യ അഷ്റഫ്, അനസ് നാത്തയ്യത്ത്, രാധാമണി, പ്രദീപ്കുമാർ, അനീഷ്, ബിജി ആന്റണി, ഓമനക്കുട്ടൻപിള്ള, അനിൽകുമാർ, ലളിതാഷാജി, പ്രിയങ്കഷൈലേഷ്, ബീന റഷീദ്, എം.എ.അൻവർ, സി.ഡി.എസ് ചെയർപേഴ്സൺ രതീദേവി, കൃഷി ഓഫീസർ രശ്മി, അസിസ്റ്റന്റുമാരായ ശ്യാം, ശ്രീജ എന്നിവർ സംസാരിച്ചു.