കൊല്ലം: ആശ്രാമം മൈതാനത്ത് 25 ന് തുടങ്ങുന്ന സംസ്ഥാന മന്ത്രിസഭ വാർഷികത്തിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണമുള്ള വിശാലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
സർക്കാരിന്റെ പ്രവർത്തനം അടയാളപ്പെടുത്തുന്ന 62 തീം സ്റ്റാളുകളും വിവിധ സർക്കാർ വകുപ്പുകളുടെ 103 കൊമേഴ്‌സ്യൽ സ്റ്റാളുകളുമാണ് സജ്ജീകരിക്കുന്നത്. വൈകുന്നേരങ്ങളിൽ പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്. മൃഗ-പക്ഷി ശേഖരത്തിന്റെ പ്രദർശനം, ശ്വാന പ്രദർശനം, ഫയർ റെസ്‌ക്യു പ്രദർശനം, പൊലിസിന്റെ അന്വേഷണ രീതികളുടെയും സൈബർ സുരക്ഷയും സംബന്ധിച്ചുള്ള വിവരണം, കൃഷി വകുപ്പിന്റെ കാർഷിക പ്രദർശനം, എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ പ്രദർശനം, ഉത്തരവാദിത്ത ടൂറിസം കാഴ്ചകൾ, കുടുംബശ്രീയുടെ ഫുഡ്‌കോർട്ട് തുടങ്ങിയവ ആകർഷണങ്ങളാകും. ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ.യൂസഫ്, എ.ഡി.എം എൻ. സാജിതാ ബീഗം, സംഘാടക സമിതി കൺവീനർ കൂടിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.എസ്. അരുൺ തുടങ്ങിയവർ പങ്കെടുത്തു.