കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിനേയും കരുനാഗപ്പള്ളി നഗരസഭയേയും ബന്ധിപ്പിക്കുന്ന പശ്ചിമതീര കനാലിലെ പാലമാണ്
കല്ലുമൂട്ടിൽക്കടവ്. ഒന്നര പതിറ്റാണ്ട് പഴക്കമുള്ള ഈ പാലത്തിന്റെ കോൺക്രീറ്റ് പാളികളായി ഇളകി മാറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കോൺക്രീറ്റ് ഇളകിമാറിയ ഇടങ്ങളിൽ ചെറിയകുഴികൾ രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
പാലത്തിന്റെ തെക്ക് വശത്താണ് കൂടുതലായി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പാലത്തിലെ കോൺക്രീറ്റ് ഇളകി മാറുമ്പോൾ ഇവിടം മാത്രമായി ടാർ ചെയ്യുന്ന അശാസ്ത്രീയമായ നിർമ്മാണ രീതിയാണ് പലപ്പോഴും ഉദ്യോഗസ്ഥർ അവലംബിക്കുന്നത്. എന്നാൽ, പാലത്തിലെ കുഴികളിൽ മെറ്റലിട്ട് നികത്തി പൂർണ്ണമായും ടാർ ചെയ്യുന്ന രീതിവേണം അനുവർത്തിക്കേണ്ടതെന്നാണ് ഈ രംഗത്തെ അനുഭവസ്ഥർ പറയുന്നത്. ഇതിലൂടെ പാലത്തെ അപകടരഹിതമാക്കാനും കഴിയും. കാലവർഷമെത്തുന്നതോടെ പാലത്തിൽ അപകടങ്ങൾ പെരുകാനാണ് സാധ്യത. ഇതിന് മുമ്പ് പാലത്തെ പൂർണ്ണമായും അപകട രഹിതമാക്കണമെന്നതാണ് നാട്ടുകാർ ആവശ്യം.
സുനാമി ദുരന്തത്തെ തുടർന്നാണ് കല്ലുമൂട്ടിൽക്കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്. സുനാമിയിൽപ്പെട്ട് നിരവധി പേർ മരിക്കാനിടയായതോടെ പാലം നിർമ്മിക്കാൻ സർക്കാർ തയ്യാറായി. സുനാമി പ്രത്യേക പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
കൊല്ലം ഭാഗത്ത് നിന്ന് കായംകുളം മത്സ്യബന്ധന തുറമുഖത്തേയ്ക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത് കല്ലൂമൂട്ടിൽ കടവ് പാലത്തിലൂടെയാണ്.
മാത്രമല്ല, കരുനാഗപ്പള്ളി നഗരത്തെ പടിഞ്ഞാറൻ തീരവുമായി ബന്ധിപ്പിക്കുന്നതിൽ പാലത്തിനുള്ള പങ്ക് നിർണായകവുമാണ്. കൊല്ലം, ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം യാഥാർത്ഥ്യമായതോടെ കല്ലുംമൂട്ടിൽക്കടവ് പാലത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വലിയഴീക്കൽ ബീച്ചിലേക്ക് പോകുന്നത് ഇതുവഴിയാണ്.