കൊട്ടിയം: മയ്യനാട് കാക്കോട്ടുമൂല ഗവ. ജി.എം യു.പി സ്കൂളിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്താനോ ടാർ ചെയ്യാനോ പഞ്ചായത്തിന് അധികാരമില്ലാത്തതിനാൽ വലയുന്നത് കുട്ടികൾ. മയ്യനാട് കുളങ്ങര ഗേറ്റിനടുത്തു നിന്നു പരവൂർ കായൽഭാഗത്തേക്ക് പോകുന്ന ഈ റോഡ് റെയിൽവേ പുറമ്പോക്കിലായതാണ് പഞ്ചായത്തിന് 'കൈവയ്ക്കാ'ൻ അവസരം ലഭിക്കാത്തതിന്റെ കാരണം.
22 വർഷത്തിലേറെയായി ഈ റോഡൊന്ന് നന്നാക്കിയിട്ട്. കൂട്ടിക്കട, ആലുംമൂട്, കൊന്നയിൽ മുക്ക്, ആയിരം തെങ്ങ്, താന്നി, കാരിക്കുഴി, മുക്കം എന്നിവിടങ്ങളിൽ നിന്നൊക്കെ കുട്ടികൾ ഇതുവഴിയാണ് സ്കൂളിലെത്തുന്നത്. മയ്യനാട് പഞ്ചായത്തിലെ ഒരേയൊരു ഗവ. യു.പി സ്കൂളാണ് ഇത്. സ്കൂളിന് സ്വന്തമായി ബസ് ഇല്ലെന്നതും കുട്ടികളെ വലയ്ക്കുന്നു. മയ്യനാടിന്റെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ ഉൾപ്പെടെയുള്ളവരാണ് ഇവിടെ പഠിക്കുന്നത്. റെയിൽവേ പുറമ്പോക്കിലൂടെയുള്ള ഈ റോഡ് മാത്രമാണ് സ്കൂളിൽ എത്തിച്ചേരാനുള്ള ഏക മാർഗം. സ്കൂളിനു പിന്നിലെ ഗവ. മിച്ചഭൂമി പ്രയോജനപ്പെടുത്തി കോൺക്രീറ്റ് റോഡ് നിർമ്മിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
അടച്ചുപൂട്ടൽ ഭീഷണി അതിജീവിച്ച സ്കൂൾ പുരോഗതിയുടെ പാതയിലാണ്. നിലവിൽ 250ഓളം കുട്ടികളുണ്ട്. റോഡ് ഉൾപ്പെടെ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടേണ്ടതുണ്ട്. കെട്ടിടം, ചുറ്റുമതിൽ, യാത്രാ സൗകര്യം എന്നിവ ഉൾപ്പെടെ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുണ്ടാവണം. കിഫ്ബിയും ഈ സ്കൂളിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തുകയാണ്.
ചരിത്രമുറങ്ങുന്ന വിദ്യാലയം
1911ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയ മുത്തശ്ശി വാർദ്ധക്യത്തിന്റെ അവശതയിലാണ്. 1963ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. മഹാരഥൻമാരായ സി.കേശവൻ, സി.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ പഠിച്ച സ്കൂളാണിത്.