photo
കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിൽ നിർമ്മിച്ച പൊതുകംഫർട്ട് സ്റ്റേഷൻ

കൊട്ടാരക്കര: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പൊതു കംഫർട്ട് സ്റ്റേഷൻ ഉദ്ഘാടനം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. വെള്ളമില്ലെന്ന മുട്ടാത്തർക്കം പറഞ്ഞ് ഉദ്ഘാടനം നീളുമ്പോൾ പട്ടണത്തിലെത്തുന്നവരുടെ ആ'ശങ്ക'യ്ക്ക് പരിഹാരമാകുന്നില്ല. കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് അരികിലായി കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലാണ് രണ്ടര വർഷം മുൻപ് നാല് കക്കൂസുകളടങ്ങുന്ന പൊതു കംഫർട്ട് സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കിയത്. നഗരസഭയുടെ മേൽനോട്ടത്തിൽ ശുചിത്വമിഷനിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്.

സൗകര്യങ്ങളെല്ലാം റെഡി, പക്ഷേ വെള്ളമില്ല

റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്നവർക്കും മറ്റ് യാത്രക്കാർക്കും ഉപകരിക്കുംവിധമാണ് ഇത് നിർമ്മിച്ചത്. സാനിട്ടറി ഫിറ്റിംഗ്സും കുടിവെള്ള ടാങ്കുമടക്കമെല്ലാം സ്ഥാപിച്ചു. എന്നാൽ വെള്ളം ലഭ്യമാക്കാൻ സംവിധാനമായില്ല. വാട്ടർ അതോറ്റിയുടെ പൈപ്പ് ലൈൻ ഇതുവഴി കടന്നുപോകുന്നുണ്ട്. കുഴൽ കിണർ നിർമ്മിക്കാനുള്ള സ്ഥലവുമുണ്ട്. ഇതൊന്നും പ്രയോജനപ്പെടുത്താൻ നഗരസഭ മുന്നിട്ടിറങ്ങിയില്ല. അതോടെ കംഫർട്ട് സ്റ്റേഷന്റെ ഉദ്ഘാടനവും നീണ്ടു. ഇപ്പോൾ ഇതിന്റെ വാതിലിന്റെ പൂട്ട് തുരുമ്പിച്ചു. ഉപകരണങ്ങളും നശിക്കാൻ തുടങ്ങി. കുടിവെള്ള ടാങ്കിനുള്ളിൽപോലും ചെടികൾ വളർന്ന നിലയിലാണ്. ഇത്തവണത്തെ നഗരസഭ ബഡ്ജറ്റിലും പൊതു ശൗചാല പദ്ധതികൾക്കായി 16 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഉള്ളത് തുറന്നുകൊടുക്കാൻ നടപടിയാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു.

ആ'ശങ്ക'യ്ക്ക് പരിഹാരമില്ല

തിരക്കേറിയ കൊട്ടാരക്കര പട്ടണത്തിൽ പൊതു ടൊയ്ലറ്റുകളുടെ അഭാവം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും പ്രൈവറ്റ് സ്റ്റാൻഡിലുമുള്ളത് വൃത്തിഹീനമാണ്. ചന്തയ്ക്കുള്ളിലുള്ളത് പലപ്പോഴും അടഞ്ഞുകിടപ്പാണ്. മറ്റെങ്ങും പൊതു ടൊയ്ലറ്റുകളില്ല. മുൻപ് ചന്തമുക്കിലെ ഷോപ്പിംഗ് കോംപ്ളക്സിനോട് അനുബന്ധിച്ച് പൊതു ടൊയ്ലറ്റുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഷോപ്പിംഗ് കോംപ്ളക്സുമില്ല, ടൊയ്ലറ്റുകളുമില്ല.