കൊല്ലം: വരുമാനത്തെ ചെലവ് ഓവർടേക്ക് ചെയ്യാൻ തുടങ്ങിയതോടെ കെ.എസ്.ആർ.ടി​.സി കൊല്ലം ഡിപ്പോ ഗാരേജിലെ 'പിങ്ക് കഫേ' കട്ടപ്പുറത്തായി! ഉപയോഗ ശൂന്യമായ ബസുകളിൽ റസ്റ്റോറന്റ്, ഹോട്ടൽ സംവിധാനമൊരുക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച 'ഫുഡ് ഓൺ വീൽസ്' പദ്ധതി പ്രകാരം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ച കഫേയാണ് തുടക്കത്തിന്റെ ചൂടാറും മുമ്പ് ആവിയായത്.

15,000 രൂപ വരെ പ്രതിദിന വരുമാനം ലഭിച്ചു തുടങ്ങി​യപ്പോൾ വലി​യ പ്രതീക്ഷയി​ലായി​രുന്നു 'കായൽക്കൂട്' കുടുംബശ്രീ അംഗങ്ങൾ. പക്ഷേ വരുമാനത്തി​ൽ ഉയർച്ച ഉണ്ടായി​ല്ലെന്നു മാത്രമല്ല ചെലവ് വല്ലാതെ ഉയരുകയും ചെയ്തു. ജി​.എസ്.ടി​ ഉൾപ്പെടെ പ്രതി​മാസം 30,000 രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് വാടക നൽകേണ്ടിയിരുന്നത്. ഗാരേജിലാണ് കഫേ എന്നതിനാൽ പാർക്കിംഗ് സൗകര്യമില്ലാത്തതും വിനയായി. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരെ ആകർഷിക്കാൻ കഫേയ്ക്ക് കഴിഞ്ഞില്ല. വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം ലഭ്യമാകണമെങ്കിൽ, സ്റ്റാൻഡിലേക്ക് ബസുകൾ വരികയും പോവുകയും ചെയ്യുന്ന തിരക്കേറിയ റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കണമായിരുന്നു. ഇത് ഉടനൊന്നും നടക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ വെള്ളം വിലകൊടുത്തു വാങ്ങേണ്ടിവന്നു. മാസം 10,000 രൂപ വരെ വെള്ളത്തിനു ചെലവു വന്നു. ഇതോടെ നിലനില്പ് അവതാളത്തിലാവുകയും കഫേ അടയ്ക്കാൻ കുടുംബശ്രീ പ്രവർത്തകർ നിർബന്ധിതരാവുകയും ചെയ്തു. പ്രവർത്തനം പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സിയുടെ സഹായം തേടിയിരിക്കുകയാണിവർ.

.............................

 കഫേ തുറന്നത് കഴിഞ്ഞ ഡിസംബറിൽ

 കായൽക്കൂട് കുടുംബശ്രീയുടെ സംരംഭം

 പ്രാഥമിക ചെലവ് 5 ലക്ഷം

 മത്സ്യ വിഭവങ്ങളും പലഹാരങ്ങളും ലഭ്യമാക്കി

 20 പേർക്ക് ഒരേ സമയം ഇരുന്ന് കഴിക്കാം

.....................................

ചീഫ് ഓഫീസിന്റെ പരിഗണനയിലാണ് കുടുംബശ്രീക്കാരുടെ അപേക്ഷ. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു

ഡി.ടി.ഒ, കൊല്ലം

താത്കാലിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. രുചി വൈവിദ്ധ്യങ്ങളോടെ കഫേ മികച്ച നിലയിൽ പ്രവർത്തിക്കും

കുടുംബശ്രീ പ്രവർത്തകർ