bus-accident

കുന്നിക്കോട്: വിവാഹ നിശ്ചയസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. മുതിർന്നവരും സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേർക്കാണ് പരിക്കേറ്റത്.

ആവണീശ്വരം റെയർവേ ക്രോസിന് സമീപം കാഞ്ഞിരത്ത്മൂട്ടിൽ വച്ച് ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടത്തിൽപ്പെട്ടത്. തലവൂർ ഞാറയ്ക്കാട് സ്വദേശിനിയുടെ വിവാഹ നിശ്ചയത്തിന് ശേഷം ആവണീശ്വരം ഭാഗത്തുള്ള ഓഡിറ്റോറിയത്തിലേക്ക് സത്കാരത്തിന് പോകുമ്പോഴായിരുന്നു അപകടം. ഇറക്കം ഇറങ്ങുമ്പോൾ മിനിബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. മതിലിൽ ഇടിച്ച് വാഹനം നിറുത്താൻ ശ്രമിച്ചപ്പോൾ ബസ് വലതുവശത്തേക്ക് മറിയുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പത്തനാപുരം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പരിക്കേറ്റവരെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പുനലൂരിലെയും കൊട്ടാരക്കരയിലെയും താലൂക്ക് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

നട്ടെല്ലിന് ക്ഷതമേറ്റ ലിസി ബാബുവിനെയും സൂസമ്മയെയും വിദഗ്ദ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.