തഴവ: ഉയരത്തിൽ പ്രകാശം ചൊരിയുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ ഗ്രാമ പഞ്ചായത്തുകളെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലെ എല്ലാ മുക്കിലും മൂലകളിലും തന്നെ മിനി ഹൈമാസ്റ്റ് ലൈറ്റുകളാണ്. സോളാറിൽ പ്രവർത്തിക്കുന്ന ഒരു ലൈറ്റ് സ്ഥാപിച്ചാൽ മതിയായ വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് പോലും ലക്ഷങ്ങൾ ചെലവഴിച്ച് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ മാത്രം ഇതിനാലകം അൻപതിൽപ്പരം ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ പകുതിയിലധികവും രാഷ്ട്രീയ-വ്യക്തിതാത്പ്പര്യങ്ങളുടെ പേരിൽ സ്ഥാപിച്ചവയാണ്.

പ്രതിമാസം ലക്ഷക്കണക്കിന് രൂപ നഷ്ടം

ഒരു ഹൈമാസ്റ്റ് ലൈറ്റിന് 2500 മുതൽ 3000 രൂപ വരെയാണ് പ്രതിമാസം വൈദ്യുതി ചാർജ്ജിനത്തിൽ ഗ്രാമ പഞ്ചായത്തുകൾ നൽകേണ്ടി വരുന്നത്. മൂന്ന് വർഷത്തിന് ശേഷമുള്ള അറ്റകുറ്റപണികൾ കൂടി ഏറ്റെടുക്കേണ്ടി വരുന്നതോടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്തിന് നഷ്ടമാകുന്നത്.

കമ്മീഷൻ പ്രതീക്ഷയിൽ

പല സ്ഥലങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി ചില തത്പ്പരകക്ഷികൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ വന്ന് കാണുന്നതാണ് നിലവിലെ രീതി. ഇതനുസരിച്ച് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഒരു പൊതു പരാതി തയ്യാറാക്കി ഗ്രാമപഞ്ചായത്തിൽ നൽകി റസലൂഷൻ സർട്ടിഫിക്കറ്റ് വാങ്ങുന്നതോടെ ഹൈമാസ്റ്റ് ലൈറ്റ് ലഭിക്കുമെന്നത് ഉറപ്പാകുന്നു. മൂന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഒരു മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത്. എന്നാൽ ഒന്നര ലക്ഷം രൂപ പോലും ഇതിന് വില വരില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പദ്ധതി ചെലവിന്റെ പകുതിയിലധികം തുക കമ്മീഷൻ ലഭിക്കുമെന്നതാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് വ്യാപകമായി സ്ഥാപിക്കാൻ കാരണമാകുന്നതെന്നും പരാതിയുണ്ട്.