ഓച്ചിറ: ക്ലാപ്പന ആനന്ദന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ക്ലാപ്പന പഞ്ചായത്തിൽപ്പെട്ട നിർദ്ധനർക്കായി നിർമ്മിച്ചു നൽകുന്ന രശ്മി ആനന്ദ ഭവനത്തിന്റെ രണ്ടാമത്തെ വീടിന്റെ താക്കോൽദാനം 24ന് നടക്കും. വൈകിട്ട് 3.30ന് മന്ത്രി കെ.എൻ ബാലഗോപാൽ താക്കോൽദാനം നിർവഹിക്കും. സി.ആർ മഹേഷ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, ജില്ലാപഞ്ചായത്തംഗം വസന്ത രമേശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളിൽ, ഗ്രാമപഞ്ചായത്തംഗം ശ്രീജ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ.ജി സുമിത്രൻ, റോട്ടറി ക്ലബ് പ്രസിഡന്റ് അലക്സ് കോശി തുടങ്ങിയവർ പങ്കെടുക്കും.
ക്ലാപ്പന വരവിള കടപ്പുറത്തേരിൽ കിഴക്കതിൽ പരേതനായ രാധാകൃഷ്ണന്റെ കുടുംബത്തിനാണ് വീട് നൽകുന്നത്. മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജപ്പൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.സുരേഷ്, ഡോ.പി. പത്മകുമാർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അപേക്ഷകരിൽ നിന്ന് രാധാകൃഷ്ണന്റെ കുടുംബത്തെ തിരഞ്ഞെടുത്തത്. 2021 ഡിസംബർ 9ന് ലതിക ആനന്ദനാണ് വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. ക്ലാപ്പന ആനന്ദന്റെ ജാമാതാവും രശ്മിഹാപ്പി ഹോം ഉടമയുമായ രവീന്ദ്രൻ രശ്മിയാണ് രശ്മി ആനന്ദഭവനത്തിന്റെ നിർമ്മാണ തുക സംഭാവന നൽകിയത്.ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.എെ.ടി.യു സംസ്ഥാനകമ്മിറ്റിയംഗവും സി.പി.എം ഏരിയ കമ്മിറ്റിയംഗവുമായിരുന്നു ക്ലാപ്പന ആനന്ദൻ.