കരുനാഗപ്പള്ളി: പണിക്കർ കടവിൽ പുതിയ പാലം വരുന്നു. ജീർണ്ണാവസ്ഥയിലായ നിലവിലെ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കാനാണ് തീരുമാനം. . ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. പുതിയ പാലം നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് പരിശോധന പൂർത്തിയായി. പരിശോധനയുടെ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകായതായാണ് അറിയുന്നത്. പുതിയ പാലം നിർമ്മിക്കുമ്പോൾ കായലിലെ സാധാരണ ജലനിരപ്പിൽ നിന്ന് 5 മീറ്രറെങ്കിലും ഉയരം ഉണ്ടാകണം.എങ്കിൽ മാത്രമേ മത്സ്യബന്ധന ബോട്ടുകൾക്കും കപ്പൽ വള്ളങ്ങൾക്കും പാലത്തിന് അടിയിലൂടെ സുഗമമായി സഞ്ചരിക്കാൻ കഴിയൂ.
പഴമയുടെ പാലം
ആലപ്പാട് ഗ്രാമപഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിച്ച് നാലര പതിറ്രാണ്ടിന് മുമ്പ് ആദ്യമായി നിർമ്മിച്ച പാലമാണ് ഇപ്പോഴുള്ളത്. ദേശീയജലപാത നിലവിൽ വരുന്നതിന് മുമ്പായിരുന്നു പാലത്തിന്റെ നിർമ്മാണം. ജലഗതാഗതത്തിന് പ്രാധാന്യം ഉണ്ടായിരുന്ന അക്കാലത്ത് വലിയ കേവ് വള്ളങ്ങൾ പോകാൻ കഴിയുന്ന വിധത്തിലാണ് പാലം നിർമ്മിച്ചത്. കായലിന്റെ ജലനിരപ്പിൽ നിന്ന് 3.5 മീറ്റർ ഉയരം മാത്രമാണ് പാലത്തിനുള്ളത്. അതുകൊണ്ട് തന്നെ വലിയ തരം മത്സ്യബന്ധന ബോട്ടുകൾക്ക് പാലത്തിന്റെ അടിയിലൂടെ ഇപ്പോൾ കടന്ന് പോകാൻ കഴിയുന്നില്ല. മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന ബോട്ടുകൾ പലപ്പോഴും പാലത്തിന്റെ ഇരു വശങ്ങളിലും നങ്കൂരമിടുകയാണ് ചെയ്യുന്നത്. 8 ടൺ കേവ് ഭാരം വഹിക്കാനുള്ള കപ്പാസിറ്റി മാത്രമാണ് പാലത്തിനുള്ളത്. 5 സ്പാനുകളിലാണ് പാലം നിലനിൽക്കുന്നത്. 45 വർഷത്തിനുള്ളിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പാലത്തിന്റെ കൈവരികൾ തകർച്ച നേരിയുകയാണ്. ബലക്ഷയവും സംഭവിച്ചിട്ടുണ്ട്.
പുതിയ പാലം ,വർഷങ്ങളായുള്ള ആവശ്യം
ചവറ ഐ.ആർ.ഇ, ടൈറ്റാനിയം എന്നീ ഫാക്ടറികളിലെ കരിമണൽ ലോറികളിൽ പണിക്കർകടവ് പാലം വഴിയാണ് ചവറയിലേക്ക് പോകുന്നത്. കൂടാതെ നിരവിധി കെ.എസ്.ആർ.ടി.സി , സ്വകാര്യ ബസുകളും ഇതു വഴി സർവീസ് നടത്തുന്നു. നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്.