കൊല്ലം: നവതിയുടെ നിറവിലെത്തിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ബി.ആർ.പി. ഭാസ്‌കർക്ക് കൊല്ലത്തിന്റെ ആദരവും ഒപ്പം സി.ആർ. രാമചന്ദ്രൻ അനുസ്മരണവും നാളെ രാവിലെ 10.30ന് ഹോട്ടൽ ഷാ ഇന്റർനാഷണലിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള മീഡിയാ അക്കാദമി തയ്യാറാക്കി ചലച്ചിത്രകാരൻ ഡോ. ബിജു സംവിധാനം ചെയ്ത ബി.ആർ.പി- ചരിത്രത്തോടൊപ്പം ഒരാൾ എന്ന ഡോക്യുഫിക്ഷന്റെ പ്രകാശനം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് നിർവഹിക്കും. മാദ്ധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനാകും. ഇന്ത്യൻ മാദ്ധ്യമങ്ങൾ വഴിതെറ്റുന്നോ, വഴി തുറക്കുന്നോ എന്ന വിഷയത്തിൽ ബി.ആർ.പി. ഭാസ്‌കർ പ്രഭാഷണം നടത്തും. ഡോ. ബിജുവിന് അദ്ദേഹം ഉപഹാരം നൽകും. പത്രസമ്മേളനത്തിൽ ആർ.എസ്. ബാബു, സി.ആർ. രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് എസ്. സുധീശൻ, സെക്രട്ടറി കെ. സുന്ദരേശൻ, ട്രഷറർ ഡി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.