പുനലൂർ: നഗരസഭയിലെ പ്ലാച്ചേരിയിൽ ഭവന രഹിതരെ ലക്ഷ്യമിട്ട് നിർമ്മാണം ആരംഭിച്ച ലൈഫ് ഭവന പാർപ്പിട പദ്ധിതി ഒരുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ബി.നൂഹ് അറിയിച്ചു. നിർമ്മാണ ജോലികൾ വിലയിരുത്താൻ പ്ലാച്ചേരിയിൽ എത്തിയതായിരുന്നു അദ്ദേഹം. നഗരസഭയിലെ അർഹരായ 44കുടുംബങ്ങൾക്ക് ഫ്ലാറ്റ് കൈമാറാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാൻ് ഫ്ലാറ്റിന് തറക്കല്ലിട്ടത്. എന്നാൽ പല കാരണങ്ങളാൽ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് ഇത് വരെ കഴിഞ്ഞിരുന്നില്ല. ഇത് കണക്കിലെടുത്ത് സ്ഥലം എം.എൽ.എയായ പി.എസ്.സുപാൽ പണികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതാണ് ഒരു മാസത്തിനുളളിൽ പാർപ്പിട പദ്ധതിയുടെ നിർമ്മാണ ജോലികൾ പൂർത്തിയാക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത്.
അടുത്ത മാസം ഉദ്ഘാടനം
ഫ്ലാറ്റ് നിർമ്മാണ ഏകദേശം പൂർത്തിയാക്കിയെങ്കിലും ചായം പൂശൽ ഉൾപ്പെടെയുള്ള അനുബന്ധ ജോലികളാണ് അവശേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ 100ദിന കർമ്മ പദ്ധതിയുടെ ഭാഗമായി അടുത്ത മാസം ഉദ്ഘാടനം ചെയ്യണ്ട പദ്ധതിയാണിത്. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, പി.എ.അനസ്, വസന്തരഞ്ചൻ,വാർഡ് കൗൺസിലർ ജ്യോതി സന്തോഷ്, നഗരസഭ സെക്രട്ടറി എ.നൗഷാദ് തുടങ്ങിയ ലൈഫ് മിഷൻ ഉദ്യോഗസ്ഥരും ചീഫ് എക്സിക്യൂട്ടീവിനൊപ്പം എത്തിയിരുന്നു.