
കൊല്ലം: സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും ആധുനികവത്കരിച്ച സപ്ലൈകോ ഗോഡൗണുകൾ സ്ഥാപിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച എൻ.എഫ്.എസ്.എ ഗോഡൗൺ, സുഭിക്ഷ ഹോട്ടൽ എന്നിവയുടെ ഉദ്ഘാടനം സപ്ലൈകോ മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ പൊതുവിതരണ രംഗത്ത് സമൂലമായ മാറ്റമാണ് സർക്കാരിന്റെ ലക്ഷ്യം. ഒരു വർഷത്തിനുള്ളിൽ 20 ഗോഡൗണുകൾ പൂർത്തീകരിക്കും. കൂടാതെ ഗോഡൗണുകളിൽ ക്യാമറ, ഭക്ഷ്യസാധനങ്ങൾ സപ്ലൈകോ മാർക്കറ്റുകളിൽ എത്തിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം എന്നിവയും ഉറപ്പാക്കും.
റേഷൻ വ്യാപാരികൾക്ക് സർക്കാരിന്റെ 7.5 ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കും. ഗ്രാമീണമേഖലകളിലുള്ള 1000 റേഷൻ കടകളും ഒരു വർഷത്തിനുള്ളിൽ ആധുനികവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ശീതീകരിച്ച ഗോഡൗണുകൾ പരിഗണനയിൽ
ശീതീകരിച്ച ഗോഡൗണുകൾ പരിഗണനയിലാണെന്ന് താലൂക്ക് സപ്ലൈ ഓഫീസ്, ദക്ഷിണ മേഖല റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ, സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ് പട്‌ജോഷി, പൊതുവിതരണ വകുപ്പ് കമ്മിഷണർ ഡോ. സജിത്ത് ബാബു തുടങ്ങിയവർ പങ്കെടുത്തു.