
കൊല്ലം: ഇരുപത് രൂപയ്ക്ക് ഉശിരൻ ഊണുമായി കൊല്ലം കന്റോൺമെന്റ് സപ്ലൈകോ ഗോഡൗൺ കോമ്പൗണ്ടിൽ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം തുടങ്ങി. മിതമായ നിരക്കിൽ മീൻകറി അടക്കമുള്ള വിഭവങ്ങളും ലഭിക്കും.
രാവിലെ 25 രൂപയ്ക്ക് പ്രഭാതഭക്ഷണവും ഇതേ നിരക്കിൽ തന്നെ വൈകിട്ട് കാപ്പിയും കിട്ടും. രാവിലെ ഇഡലി അല്ലെങ്കിൽ ദോശയും സാമ്പാറും. വൈകിട്ട് ചപ്പാത്തിയും കറിയുമാണ്. ചാള, അയല, നെയ്മീൻ കറികളും പൊരിച്ചതും ഉണ്ടാകും. എല്ലാദിവസവും ബീഫ് കറിയും ഉണ്ടാകും. രാവിലെ 7.30ന് തുറന്ന് രാത്രി 7 വരെ പ്രവർത്തിക്കും. പത്തംഗ കുടുംബശ്രീ സംഘമാണ് സുഭിക്ഷ ഹോട്ടലിന്റെ നടത്തിപ്പ്. സാമൂഹ്യനീതി വകുപ്പ് നിർദ്ദേശിക്കുന്ന കിടപ്പ് രോഗികൾക്ക് സൗജന്യമായി ഭക്ഷണം വീട്ടിലെത്തിക്കും. ആദ്യദിവസമായ ഇന്നലെ 200 ഊണ് വിറ്റുപോയി. വരും ദിവസങ്ങളിൽ ഇത്രയധികം ഊണ് സജ്ജമാക്കാനുള്ള തീരുമാനത്തിലാണ് നടത്തിപ്പുകാർ.