കൊല്ലം: സഹോദരങ്ങളായ യുവാക്കളെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. പോളയത്തോട് വയലിൽത്തോപ്പിൽ നാഷണൽ നഗർ 28 ൽ അരുൺദാസ് (30) ആണ് പിടിയിലായത്.

തേവള ഡിപ്പോ പുരയിടത്തിൽ വച്ച് ശ്രീകുമാർ, ശ്രീനാഥ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരുടെ ബന്ധുവായ യുവതി ഭർത്താവുമായി പിണങ്ങി അമ്മയോടൊപ്പം താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതി കൊലപാതക ശ്രമം നടത്തിയത്. യുവതിയെ ഇഷ്ടമാണെന്നും ഇയാൾക്കൊപ്പം ചെല്ലണമെന്നുമുളള ആവശ്യം അവർ നിരസിച്ചതിനെ തുടർന്ന് അതിക്രമിച്ച് കടക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവർക്കും കുത്തേറ്റത് . ശ്രീകുമാറിന്റെ വയറ്റിലും മുതുകത്തും കുത്തുകയും തടയാൻ ശ്രമിച്ച ശ്രീനാഥിന്റെ ചെവിക്കും കഴുത്തിനും വെട്ടുകയുമായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച യുവാക്കളെ പ്രഥമശിശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ട പ്രതിയെ നാഷണൽ നഗറിൽ നിന്നു പൊലീസ് പിടികൂടുകയായിരുന്നു.