price

കൊല്ലം: ഇന്ധന വിലവർദ്ധനവിന് പിന്നാലെ യാത്രാനിരക്ക് കൂടി ഉയരുന്നതോടെ ജനജീവിതം കൂടുതൽ ദുസഹമാകും. മേയ് ഒന്ന് മുതലാണ് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഉയരുക.

വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാരുടെ ചെലവും ഇരട്ടിയാകും. പെട്രോൾ, ഡീസൽ, പാചക വാതകം, മണ്ണെണ്ണ ഉൾപ്പെടെ എല്ലാത്തിനും വില വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് യാത്രാ നിരക്കും ഉയരുന്നത്. പെട്രോൾ ലിറ്ററിന് 116 രൂപയും ഡീസലിന് 102 രൂപയുമാണ് ഇപ്പോൾ നിരക്ക്.

പാചക വാതക സിലിണ്ടറിന് 962 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് 81 രൂപയുമായി. പരിമിത വരുമാനം കൊണ്ട് നിത്യവൃത്തി കഴിക്കുന്ന തൊഴിലാളികൾ, കർഷകർ, മറ്റു സാധാരണക്കാർ തുടങ്ങിയവരെയാണ് യാത്രാ നിരക്ക് വർദ്ധനവ് ദോഷകരമായി ബാധിക്കുക.

കൊവിഡ് കാലത്ത് മലയോര മേഖലയിൽ ഓടിയിരുന്ന സ്വകാര്യ - കെ.എസ്.ആർ.സി ബസുകൾ മിക്കതും ഓട്ടം നിറുത്തിയതോടെ ഓട്ടോറിക്ഷകളാണ് ജനങ്ങളുടെ ആശ്രയം. ഓട്ടോ നിരക്ക് വർദ്ധനവ് മലയോര മേഖലയിലെ ജനങ്ങളെ കൂടുതലായി ബാധിക്കും. ഒപ്പം നിത്യോപയോഗ സാധാനങ്ങളുടെ വിലവർദ്ധനയ്ക്കും ഇടയാക്കും.

വർദ്ധിപ്പിച്ചിട്ടും വരുമാനം കമ്മി

1. നിരക്ക് വർദ്ധന ഓട്ടോതൊഴിലാളികൾക്ക് കാര്യമായി പ്രയോജനം ചെയ്യില്ല

2. ഇന്ധനവില വർദ്ധനവും ഓട്ടം കുറഞ്ഞതും വരുമാനത്തെ ബാധിച്ചു

3. രാവിലെ മുതൽ രാത്രി 10 വരെ ഓടിയാൽ കിട്ടുന്നത് ശരാശരി 600 രൂപ

4. 150 രൂപ പെട്രോളിന് ചെലവഴിക്കേണ്ടിവരും

5. വണ്ടിയുടെ മെയിന്റനൻസ്, ടാക്സ്, ഇൻഷ്വറൻസ് തുടങ്ങിയവ വേറെ

ബസ് മിനിമം ചാർജ് ₹ 10

ഓട്ടോ ₹ 30

ടാക്സി ₹ 200

വർദ്ധിച്ച ചെലവുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ക് വർദ്ധനവ് കുറവാണ്. കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റാൻ കഴിയില്ല.

മുരുകൻ, ഓട്ടോറിക്ഷ ഡ്രൈവർ

നിരക്ക് വർദ്ധന സാധാരക്കാർക്ക് ബുദ്ധിമുട്ടാകും. കുലിപ്പണി ചെയ്ത് കിട്ടുന്ന കാശ് യാത്രാക്കൂലിക്ക് കൊടുക്കാനേ തികയൂ.

ഗംഗ, വീട്ടമ്മ