പരവൂർ : ഒഴുകുപാറ നായൻവിള വീട്ടിൽ രാമകൃഷ്ണന് തൊണ്ണൂറ് വയസാണ്. എട്ടുമക്കളുണ്ട്. അവരെല്ലാം വിവാഹം കഴിഞ്ഞ് പലയിടങ്ങളിലായി താമസിക്കുന്നു. രാമകൃഷ്ണന്റെ ഭാര്യ രാജമ്മ മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു. ഏകനും രോഗിയുമായ രാമകൃഷ്ണന്റെ ആശ്രയം ഒരു ചെറിയ വീടാണ്. എന്നാൽ, അവിടെ സ്വസ്തമായി കഴിയാനാകാത്ത അവസ്ഥയാണിപ്പോൾ. മേൽക്കൂര തകർന്ന് ഒരു ഭാഗം ഇടഞ്ഞും കിടക്കുന്ന വീട് കണ്ടാൽ ശക്തമായ കാറ്റിലും മഴയിലും തകർന്നതാണെന്നേ തോന്നൂ. ചെറുതെങ്കിലും അതിനെയെല്ലാം അതിജീവിക്കാനുള്ള ശക്തി വീടിനുണ്ട്. എന്നാൽ, ബന്ധുക്കളുടെ ആർത്തിക്കു മുമ്പിൽ പിടിച്ചുനിൽക്കാൽ അതിനായില്ല. വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അവർ തന്നെയാണ് കിടപ്പാടത്തിന്റെ കഴുക്കോൽ ഊരിയത്. സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അങ്ങനെയാണ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്. അവിടെ നിന്ന് അനുകൂലവിധ സമ്പാദിച്ചിട്ടും അധികൃതർ അത് നടപ്പാക്കിയല്ല. പരവൂർ വിനായക കൈത്തറി സംഘത്തിൽ ജോലിയുണ്ടായിരുന്ന കാലത്ത് അയത്തിൽ ഭാസ്കരൻ നായരുടേയും അഡ്വ.സി.വി.പത്മരാജന്റെയും നേതൃത്വത്തിൽ ഐ.എൻ.ടി.യു.സി യൂണിയന്റെ സജീവപ്രവർത്തകനായിരുന്നു രാമകൃഷ്ണൻ. അത് നടപടിയുടെ കാര്യത്തിൽ പ്രതികൂലമായി ബാധിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
രോഗിയും കേൾവിക്കുറവുമുള്ള രാമകൃഷ്ണന് നാട്ടുകാർ ചേർന്ന് അടുത്തിടെ ശ്രവണ സഹായി വാങ്ങിക്കൊടുത്തിരുന്നു. അത് വലിയൊരു സഹായകമായി. അപ്പോഴാണ് വീട് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ബന്ധു വീണ്ടും എത്തിയത്. വിസമ്മതിച്ച രാമകൃഷ്ണന്റെ ചെകിട് അടിച്ചുപൊളിച്ചു. അതിൽ ശ്രവണ സഹായിയും തകർന്നു. ഇതോടെ കേൾവി പൂർണമായി ഇല്ലാതായി. ഇതിൽ നിന്നെല്ലാമുള്ള സംരക്ഷണം ആവശ്യപ്പെട്ടാണ് രാമകൃഷ്ണൻ വില്ലേജ് ഓഫീസിലും പൊലീസ് സ്റ്റേഷനിലുമെല്ലാം കയറിയിറങ്ങിയത്. പി.എഫ്, ക്ഷേമനിധി പെൻഷൻ തുകയും രണ്ട് മക്കളുടെ സഹായവുമാണ് മരുന്നിനും നിത്യചെലവിനുമുള്ള വരുമാനം. വാർദ്ധക്യ സഹജമായ അസുഖങ്ങളുടെ ആവശതയുണ്ട്. കേൾവിയില്ലായ്മയുടെ കുറവുണ്ട്. മഴയിലും കാറ്റിലും ഏതുനിമിഷവും തകർന്നു വീഴാവുന്ന വീട്ടിൽ അധികൃരിൽ നിന്ന് നീതിയും ബന്ധുക്കളിൽ നിന്ന് മനുഷ്യത്വവും പ്രതീക്ഷിച്ച് കഴിയുകയാണ് ഈ വയോധികൻ.