കുണ്ടറ: ഇളമ്പള്ളൂർ ദേവീക്ഷേത്രത്തിലെ പത്താമുദയത്തോടനുബന്ധിച്ച്
ശനിയാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണം.
ഈസമയത്ത് ചരക്കുവാഹനങ്ങൾക്ക് കുണ്ടറയിൽ പ്രവേശനമില്ല.
അഞ്ചാലുംമൂട്ടിൽ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊല്ലം - തേനി പാതയിൽ പേരയത്തെത്തി പള്ളിമുക്ക് - മുളവന റോഡിൽ പ്രവേശിച്ച് യാത്രതുടരണം. കൊട്ടാരക്കരയിൽ നിന്ന് അഞ്ചാലുംമൂട്ടിലേയ്ക്കുള്ള വാഹനങ്ങൾ ആശുപത്രിമുക്കിൽ തിരിഞ്ഞ് പെരുമ്പുഴ, കേരളപുരം വഴി സ്റ്റാർച്ചുമുക്കിലെത്തി യാത്ര തുടരണം. അഞ്ചാലുംമൂട്ടിൽനിന്ന് ഇളമ്പള്ളൂർ വരെയുള്ള ബസുകൾ നാന്തിരിക്കലിന് മുമ്പ് യാത്ര അവസാനിപ്പിക്കണം.
കൊല്ലത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ കേരളപുരം, പെരുമ്പുഴവഴി ആശുപത്രിമുക്കിലെത്തിയും പെരുമ്പുഴ, നല്ലിലവഴിയും യാത്ര തുടരണം. കൊല്ലത്തുനിന്നുള്ള ടൗൺ ബസുകൾ കേരളപുരം ഇ.എസ്.ഐ.ക്ക്
സമീപത്തെ പെട്രോൾപമ്പിൽ യാത്ര അവസാനിപ്പിക്കണം. കൊട്ടിയം, കുണ്ടറ ബസുകൾ എൽ.എം.എസിന് സമീപം കനാൽ ബൈപാസ് റോഡിൽ യാത്ര അവസാനിപ്പിക്കണം.
ദേശീയപാതയിൽ മുക്കട മുതൽ ഗുരുദേവാഓഡിറ്റോറിയംവരെയും ആശുപത്രിമുക്ക് - പള്ളിമുക്ക് വരെയും ആശുപത്രിമുക്ക് - പെരുമ്പുഴ റോഡിന്റെ വശങ്ങളിലും സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ആശുപത്രിമുക്ക്,
മുക്കട സിറാമിക്സ് മൈതാനി, ഇളമ്പള്ളൂർ പനംകുറ്റി സ്വകാര്യബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിച്ചിട്ടുണ്ട്.
ഇളമ്പള്ളൂർ ക്ഷേത്രമൈതാനത്തും പരിസരത്തുമായി അമ്പതോളം നിരീക്ഷണകാമറകളും റിക്കാഡിംഗ് സംവിധാനവും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്. ഇരുന്നൂറോളം സേനാംഗങ്ങളെയും വിന്യസിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.