കൊല്ലം: പോഷകസമൃദ്ധമായ ആഹാരവസ്തുവെന്ന നിലയിൽ കൂൺ കൃഷിയുടെയും അനുബന്ധവ്യവസായങ്ങളുടെയും വ്യാപനത്തിന് ആവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് എം.നൗഷാദ് എം.എൽ. എ പറഞ്ഞു. കൃഷിവകുപ്പിന്റെയും സംസ്ഥാന ഹോർട്ടി ക്രോപ്പ് മിഷന്റെയും സഹകരണത്തോടെ തെക്കേവിള കാവ്യ ഗാർഡൻസിൽ ആരംഭിച്ച ജെ.എസ്.ബയോടെക്നോളജി ലാബിന്റെയും ഹൈടെക് മഷ്റൂം ഫാമിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂൺ വിത്ത്, കൂൺ എന്നിവയുടെ ഉൽപ്പാദനത്തിനൊപ്പം കൂൺ അധിഷ്ഠിത മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവും സംരംഭകർക്കുള്ള പരിശീലന പദ്ധതിയും ബയോ ടെക്നോളജി ലാബിൽ സജ്ജമാക്കിയിട്ടുണ്ട്.
തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി.അഭിമന്യു അദ്ധ്യക്ഷത വഹിച്ചു. ഹോർട്ടി ക്രോപ് മിഷൻ ഡെപ്യുട്ടി ഡയറക്ടർ എ.ജെ സുനിൽ പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ എസ്.സീന, ജി.ആർ.കൃഷ്ണകുമാർ, ടി.പി വാസുദേവൻപിള്ള , സി.ജനാർദ്ദനൻ പിള്ള , ക്രിസ്റ്റഫർ റാഫേൽ എന്നിവർ സംസാരിച്ചു.