photo
കൊട്ടാരക്കര പാണ്ടിവയൽ പുളിമൂട് ഭാഗത്തെ തോട് വൃത്തിയാക്കുന്നു

കൊട്ടാരക്കര : നഗസഭ പരിധിയിലെ തോടുകളും നീർച്ചാലുകളും വൃത്തിയാക്കൽ തുടങ്ങി. വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസമാകുന്ന മണൽക്കൂനയും നീക്കം ചെയ്യുന്നുണ്ട്. മിക്ക ചെറുതോടുകളിലും മാലിന്യങ്ങൾ കെട്ടി നിൽക്കുന്ന സ്ഥിതിയായിരുന്നു. കുത്തൊഴുക്കിലെത്തിയ മണ്ണും മണലും ചിലയിടങ്ങളിൽ കട്ടിയായി നീരൊഴുക്ക് തടസപ്പെടുന്ന നിലയിലുമായിരുന്നു. തോടുകൾ നികന്നതോടെ വെള്ളം പുറത്തേക്കൊഴുകി വീടുകളിലും കൃഷിയിടങ്ങളിലും കയറുമായിരുന്നു, കഴിഞ്ഞ പെരുമഴക്കാലത്ത് അതിന്റെ ദുരിതം നാട്ടുകാർ നന്നായി അനുഭവിച്ചതുമാണ്. അതുകൊണ്ടുതന്നെ വരുന്ന മഴക്കാലത്തിന് മുൻപായി തോടുകളെല്ലാം വൃത്തിയാക്കണമെന്ന തീരുമാനത്തിലാണ് നഗരസഭ മൈനർ ഇറിഗേഷൻ വകുപ്പുമായി ചേർന്ന് ജോലികൾ തുടങ്ങിയത്.

പൊതു കുളങ്ങളുടെ സംരക്ഷണം

മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തോട് വൃത്തിയാക്കുന്നത്. ഇത് കടന്നുചെല്ലാത്ത ഭാഗങ്ങളിൽ തൊഴിലാളികളെ ഉപയോഗിക്കും. മാലിന്യം നീക്കി തോടുകളുടെ ആഴം കൂട്ടുന്നതോടെ വെള്ളത്തിന്റെ ഒഴുക്കിന് തടസമുണ്ടാകില്ല. തകർന്ന സംരക്ഷണ ഭിത്തികൾ പുനർ നിർമ്മിക്കാനും പദ്ധതി തയ്യാറാകുന്നുണ്ട്. പൊതു കുളങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിർദ്ദേശപ്രകാരം നഗരസഭയിലെ പൊതു കുളങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇവയുടെ സംരക്ഷണ പദ്ധതികളും ഉടൻ നടപ്പാക്കും.

ചെറിയ മഴയിൽപോലും വീടുകളിലും കൃഷിയിടങ്ങളിലും റോഡിലും വെള്ളം കയറുന്ന സ്ഥിതിയാണ്. തോടുകളും നീർച്ചാലുകളും ആഴംകൂട്ടി വൃത്തിയാക്കുന്നതോടെ സ്വാഭാവിക നീരൊഴുക്കിന് തടസമുണ്ടാകില്ല. തോടിന് പുറത്തേക്ക് വെള്ളം കയറില്ല.

എ.ഷാജു, നഗരസഭ ചെയർമാൻ