jcb

കൊല്ലം: ലോകഭൗമ ദിനത്തിലും പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരത തുടരുകയാണ്. കൊല്ലം പൂരം ബാക്കി വച്ച ആശ്രാമം മൈതാനിയിലെ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ജെ.സി.ബി ഉപയോഗിച്ച് മണ്ണിട്ട് മൂടാൻ ശ്രമിച്ചതാണ് പുതിയ വിവാദം.

മൈതാനമാകെ നിറഞ്ഞുകിടന്ന മാലിന്യം ജെ.സി.ബി ഉപയോഗിച്ച് മണ്ണിളക്കി അതിനടിയിലാക്കുകയിരുന്നു.കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നു ഇത്. സംഭവം അറിഞ്ഞെത്തിയ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ജോലികൾ നിർത്തി ജെ.സി.ബിയുമായി മടക്കി.

കൊല്ലം പൂരത്തിനെത്തിയ ജനക്കൂട്ടം ഉപേക്ഷിച്ചു പോയ മാലിന്യം കഴിഞ്ഞ ആറു ദിവസമായി മൈതാനിയിൽ കൂടിക്കിടന്ന് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. പൂരാവശിഷ്ടങ്ങൾ മാറ്റാൻ സംഘാടകരും കോർപ്പറേഷൻ അധികൃതരും നടപടി സ്വീകരിക്കുന്നില്ലെന്ന കാര്യം

കഴിഞ്ഞ ദിവസങ്ങളിൽ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

കാര്യങ്ങൾ ഇത്രയും ഗുരുതരമായിട്ടും പൂരം സംഘാടകരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായില്ല.

ഡി.ടി.പി.സിയുടെ നാമമാത്രമായ ശുചീകരണത്തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ മൈതാനം വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും മാലിന്യം കൂടുതലായതിനാൽ അവർക്ക് കഴിഞ്ഞില്ല. മൈതാനം നിറഞ്ഞു കിടന്ന മാലിന്യം വേർതിരിക്കാനായി അവർ പല ഭാഗങ്ങളിൽ കൂട്ടിയിട്ടു. മഴയിൽ കുതിർന്നുകിടന്ന ഈ മാലിന്യം കുട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചെങ്കിലും പുകഞ്ഞതല്ലാതെ കാര്യമായി കത്തിയില്ല. മൈതാനിയിൽ നടക്കാനും വിശ്രമിക്കാനുമെത്തിയവർക്ക് പ്ളാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്നുളള പുക ശ്വസിക്കേണ്ടിവന്നു. കത്താത്തതും പകുതി കത്തിയതുമായ മാലിന്യം മൈതാനിയിൽ പിന്നെയും ചിതറിക്കിടന്നു. ഈ മാലിന്യമാണ് മണ്ണിട്ട് മുടാൻ ശ്രമിച്ചത്.

...........................................

ഹരിതചട്ടം പൂർണമായി പാലിച്ച് പൂരം നടത്തണമെന്ന് കളക്ടർ സംഘാടകർക്ക് കർശന നിർദേശം നൽകിയതാണ്. എന്നാൽ,​ പൂരം കഴിഞ്ഞപ്പോൾ മൈതാനം മാലിന്യക്കൂമ്പാരമായി. സംഘാടകർ വലിയ വീഴ്ച വരുത്തി.

പരിസ്ഥിതി പ്രവർത്തകർ