ചാത്തന്നൂർ : ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടിന്റെ മേൽക്കൂര തകർന്നു. ചിറക്കര ഇടവട്ടം തിനവിള പുത്തൻവീട്ടിൽ ബേബിയുടെ വീടിന് മുകളിലാണ് ഇന്നലെ വൈകുന്നേരത്തെ മഴയിലും കാറ്റിലും മരം വീണത്. ബേബിയും രണ്ട് മക്കളും വീട്ടിലുള്ളപ്പോഴാണ് മരം വീണത്. ശബ്ദം കേട്ട് അവർ വീടിന് പുറത്തേയ്ക്ക് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. ദിവസജോലിക്കാരിയായ ബേബിയുടെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. ബേബിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. മക്കളുടെ മരുന്നിനും ആഹാരത്തിനും വക കണ്ടെത്തുക എന്നതു തന്നെ ദുഷ്ക്കരമായിരുന്നു. അതിനിടയിലാണ് ഈ ദുരന്തം.
കേറിക്കിടക്കാൻ ഒരിടമില്ലാതെ, എങ്ങോട്ടുപോകുമെന്നറിയാതെ നിൽക്കുകയാണ് അമ്മയും സുഖമില്ലാത്ത മക്കളും.