തൊടിയൂർ: കഴിഞ്ഞ ഏഴു പതിറ്റാണ്ടോളമായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വന്ന മുഴങ്ങോടി പ്രോഗ്രസീവ് ലൈബ്രറി ആൻഡ് ആർട്സ് ക്ലബിന്റെ പ്രവർത്തനം ഇനി സ്വന്തം കെട്ടിടത്തിൽ. മുഴങ്ങോടി മുടിയിൽ ജംഗ്ഷന് സമീപം വാങ്ങിയ വസ്തുവിന്റെ ആധാരം കൈമാറലും ഓഫീസ് ഉദ്ഘാടനവും നാളെ വൈകിട്ട് 5.30ന് നടക്കും. പ്രസിഡന്റ് ഒ. അനീഷിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആർ.വിനോദ് സ്വാഗതം പറയും. എ. എം. അരീഫ് എം പി ഓഫീസ് ഉദ്ഘാടനം നിർവഹിക്കും.
സി.ആർ.മഹേഷ് എം.എൽ.എ വസ്തുവിന്റെ ആധാരം കൈമാറും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക സമാഹരണം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം ലോഗോ പ്രകാശനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം സുനിതഅശോകൻ, ഗ്രാമപഞ്ചായത്തംഗം ബി.രവീന്ദ്രനാഥ് ചിത്രകാരൻ വരവിള ശ്രീനി എന്നിവർ പങ്കെടുക്കും .വി.എസ്.അരുൺ നന്ദി പറയും. സമ്മേളനത്തിന് മുന്നോടിയായി മത്തായി സുനിലും ബൈജു മലനടയും ചേർന്ന് നാടൻപാട്ട് അവതരിപ്പിക്കും.