പരവൂർ: പരവൂർ നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ. വീട്ടിൽ കയറി പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും നായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്.
നായ്ക്കളെ പിടികൂടാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. രാത്രിയിൽ നായ്ക്കൾ റോഡും വീട്ടുപരിസരങ്ങളും കൈയടക്കുന്ന അവസ്ഥയാണ്. വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ് നായ്ക്കൾ. ഇവ വളർത്തു മൃഗങ്ങളെയും കടിച്ചു പരിക്കേൽപ്പിക്കുന്നുണ്ട്.പരവൂർ താലൂക്ക് ആശുപത്രിയിൽ മൂന്ന് മാസത്തിനിടെ 150 ഓളം പേർ തെരുവ് നായകക്കളുടെ കടിയേറ്റ് ചികിത്സ തേടിയിട്ടുണ്ട്. തെരുവ് നായ് ജനന നിയന്ത്രണം നഗരസഭയിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. എന്നാൽ സമീപ പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കി. പരവൂരിൽ എല്ലാ ബഡ്ജറ്റുകളിലും പണം വകയിരുത്താറുണ്ടെങ്കിലും പദ്ധതി പ്രാബല്യത്തിൽ വരുത്തിയിട്ടില്ല.