കൊല്ലം: ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ജില്ലാതല ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. 1996 ഏപ്രിൽ 24ന് ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകര ഗുരു തീർത്ഥയാത്രാ വേളയിൽ പോളയത്തോട് ഉപാശ്രമം സന്ദർശിച്ചതിന്റെ വാർഷികവും ഇന്ന് ആഘോഷിക്കും.
വാർഷികാഘോഷങ്ങളുടെ ഭാഗമായി രാവിലെ 6 ന് ഉപാശ്രമത്തിൽ പ്രത്യേക പ്രാർത്ഥന നടക്കും. 8ന് സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഏകദിന സത്സംഗത്തിന്റെ ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷനാകും. രാവിലെ 8ന് തുടങ്ങുന്ന സത്സംഗം വൈകിട്ട് 6ന് സമാപിക്കും. സത്സംഗത്തിൽ ജില്ലയിലെ വിവിധ ഏരിയാകളിൽ നിന്നുള്ള ഗുരുഭക്തർ പങ്കെടുക്കും.
ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്പത്തിൽ ലയിച്ചതിന്റെ വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നതെന്ന് കൊല്ലം ഏരിയാ ഇൻചാർജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി അറിയിച്ചു.