
കൊല്ലം: കലോത്സവലഹരിയിൽ കേരളത്തിലേക്ക് പറന്നെത്തിയ അക്ഷയ പ്രകാശ്, ആഗ്രഹ സാഫല്യത്തിന്റെ നിർവൃതിയിലാണ്. വേദിയിൽ മോഹിനിയായി നിറഞ്ഞാടിയത് കാതങ്ങൾക്കപ്പുറത്തിരുന്ന് ഫോണിലൂടെ കണ്ട് മാതാപിതാക്കൾ.
ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും കസറാനുള്ള ഒരുക്കത്തിലാണ് മാവേലിക്കര ബിഷപ് മൂർ കോളേജിലെ രണ്ടാംവർഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിനിയായ അക്ഷയ പ്രകാശ്. ജനിച്ചതും ഇതുവരെ പഠിച്ചതുമൊക്കെ ബഹ്റിനിലാണ്. അവിടുത്തെ കമ്പനി മാനേജരായ പ്രകാശ് നായരുടെയും ഫിനാൻസ് മാനേജരായ ബിന്ദു പ്രകാശിന്റെയും രണ്ട് മക്കളിൽ മൂത്തവളായ അക്ഷയയ്ക്ക് കുട്ടിക്കാലം മുതലേ നൃത്തത്തോട് കമ്പമാണ്. അരങ്ങേറ്റവും ബഹ്റിനിലായായിരുന്നു. പന്ത്രണ്ടാം ക്ളാസുവരെ ബഹ്റിനിലെ സ്കൂൾ കലാവേദികളിൽ തിളങ്ങി. എന്നാൽ, കേരളത്തിലാണ് കലാമേളയ്ക്ക് വലിയ പ്രാധാന്യമെന്ന് മനസിലാക്കിയാണ് ബിരുദ പഠനത്തിന് നാട്ടിലെത്തിയത്. കഴിഞ്ഞ വർഷം നന്നായി പരിശീലിച്ചു. എന്നാൽ, കൊവിഡ് കാരണം യുവജനോത്സവം നടന്നില്ല. ഇത്തവണ കൊല്ലത്തേക്ക് തിരിച്ചപ്പോൾ കന്നിക്കാരിയുടെ പതർച്ചയായിരുന്നില്ല, ആഗ്രഹ സാഫല്യത്തിന്റെ ആവേശമായിരുന്നു അക്ഷയയ്ക്ക്. റിട്ട. ഡിഫൻസ് സ്റ്റാഫായ മുത്തശി സുമതിയമ്മയ്ക്കൊപ്പം പന്തളം മുടിയൂർക്കോണം തോട്ടക്കോണം സൗപർണികയിലാണ് താമസം. സഹോദരൻ അഭിഷേക് പ്രകാശ് കോട്ടയത്ത് പത്താം ക്ളാസ് വിദ്യാർത്ഥിയാണ്.