kifbi
കൊന്നയിൽ കടവ് സന്ദർശിക്കുന്ന കിഫ്‌ബി സംഘം

കൊല്ലം: സാങ്കേതിക തടസത്തിൽ കുടുങ്ങി പാലം നിർമ്മാണം അനിശ്ചിതമായി നീളുന്ന മൺറോത്തുരുത്തിലെ കൊന്നയിൽകടവ് കിഫ്ബി ഉദ്യോഗസ്ഥർ സന്ദർശിച്ചു. പാലത്തിന്റെ നിർമ്മാണത്തിന് 28 കോടി രൂപക്ക് കരാർ നൽകിയെങ്കിലും അസംസ്‌കൃത വസ്‌തുക്കൾ എത്തിക്കുന്നതിന് റെയിൽവേ തടസം നിന്നതോടെ കരാറുകാരൻ സ്ഥലംവിട്ടു. തുടർന്ന് 34 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സാദ്ധ്യതാപരിശോധന നടത്തിയത്.

അഷ്ടമുടിയിൽ പ്ലാൻ്റ് സ്ഥാപിച്ച് 1.5 കിലോമീറ്റർ ജങ്കാർ വഴി കോൺക്രീറ്റ് ഉൾപ്പടെയുള്ള അസംസ്‌കൃത വസ്‌തുക്കൾ കൊണ്ടുവന്ന് നിർമ്മാണം പൂർത്തിയാക്കുന്ന രീതിയിലുള്ളതാണ് പുതുക്കിയ എസ്റ്റിമേറ്റ്. അസംസ്‌കൃത വസ്‌തുക്കളുടെ ഉപയോഗം കുറച്ച് ആധുനിക സാങ്കേതിക വിദ്യ ഉൾക്കൊള്ളിച്ച് വേഗത്തിൽ നിർമ്മിക്കുന്നതിനുള്ള സാദ്ധ്യത കൂടി പരിശോധിക്കാനും സന്ദർശനത്തിൽ ധാരണയായി.

കോവൂർ കുഞ്ഞുമോൻ എം. എ.ൽ എ , കിഫ്ബി ജനറൽ മാനേജർ പി.എ. ഷൈല, കേരളാ റോഡ് ഫണ്ട് ബോർഡ് ടീം ലീഡർ മഞ്ചുഷ, പ്രൊജക്ട് മാനേജർ രാജീവൻ, സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് ഹരി എസ്. പിള്ള, ട്രാൻസ്പോർട്ട് എൻജിനീയർ മുഹമ്മദ് യാഹിയ എന്നിവരെ കൂടാതെ സി.പി.എം മൺറോതുരുത്ത് ലോക്കൽ സെക്രട്ടറി കെ. മധു, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിറ്റ, സി.പി.ഐ നേതാവ് രാഹുൽ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഹദേവൻ,വിമല, മുൻ ഗ്രാമ പഞ്ചായത്ത് അംഗം അഭിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

നാട്ടുകാരുടെ ചിരകാല സ്വപ്നം

 മൺറോത്തുരുത്തിനെ പെരിങ്ങാലം സ്കൂളുമായി ബന്ധിപ്പിക്കുന്ന ഏകമാർഗം

 നടപ്പാലം 92ലെ പ്രളയത്തിൽ ഒഴുകിപ്പോയി

 ഇപ്പോൾ ആശ്രയം കടത്തുതോണിയും കാൽനടയും

 2018ൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

പാലത്തിന്റെ നീളം : 130 മീറ്റർ

ആദ്യ എസ്റ്റിമേറ്റ് : ₹ 28.04 കോടി

പുതുക്കിയത് : ₹ 34 കോടി