rly
ഓച്ചിറ​ - ചൂനാട് റോഡിൽ റെയിവേ മേൽപ്പാലം നിർമ്മിക്കുന്ന സ്ഥലം സി.ആർ മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ

ഓച്ചിറ: കൊല്ലം,​ ആലപ്പുഴ ജില്ലാ അതിർത്തിയായ ഓച്ചിറ-ചൂനാട് റോഡിൽ റെയിൽവേ മേൽപ്പാലം നി‌ർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഓച്ചിറ-കൃഷ്ണപുരം ഗ്രാമപഞ്ചായത്തുകളെയും കരുനാഗപ്പള്ളി-കായംകുളം നിയോജക മണ്ഡലങ്ങളെയും വേർതിരിക്കുന്നു റോഡാണ് ഓച്ചിറ-ചൂനാട്.

വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റോഡിൽ,​ റെയിൽവേ ഗേറ്റിന് പകരം മേൽപ്പാലം വരുന്നത് വലിയൊരു ആശ്വാസമായിരിക്കും. മേൽപ്പാലത്തിനായി റെയിൽവേ ബഡ്‌ജറ്റിൽ 31.6 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

പൊതുമരാമത്തുവകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രാഥമികഘട്ടമെന്ന നിലയിൽ ഭരണാനുമതി ലഭ്യമാക്കാൻ അതിർത്തിക്കല്ലുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായി ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും വസ്തുഉടമകളുമായി സംസാരിക്കുകയും ചെയ്തു. സി. ആർ. മഹേഷ് എം.എൽ.എ, കായംകുളം എം.എൽ.എ യു.പ്രതിഭയുടെ പ്രതിനിധി, ഓച്ചിറ, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.

ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് സി.ആർ.മഹേഷ് പറഞ്ഞു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ എല്ലാവരെയും വിളിച്ച് യോഗം ചേരാനും തുടർന്ന് അതിർത്തിക്കല്ലുകൾ സ്ഥാപിക്കാനും നടപടിയുണ്ടാകും. അതിന് ശേഷം സാമൂഹിക ആഘാത പഠനം നടത്തുന്നതിന് ഏജൻസിയെ നിയമിക്കുകയും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും.