ചാത്തന്നൂർ : മാലിന്യക്കൂമ്പാരം കാരണം കല്ലുവാതുക്കൽ ചന്തയിൽ നാട്ടുകാർക്ക് കാലുകുത്താൻ കഴിയാത്ത അവസ്ഥ. ചന്തയിലെത്തുന്നവർക്ക് പ്രാഥമിക ആവശ്യം നിറവേറ്റുന്നതിനായി രണ്ട് കക്കൂസുകൾ പണിതിട്ടുണ്ട്. എന്നാൽ, അത് ഉപയോഗിക്കാൻ കഴിയാത്ത വിധം മുറിയോട് ചേർന്നാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മഴപെയ്തതോടെ മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള മലിനജലം മാർക്കറ്റിൽ വ്യാപിച്ചുകിടക്കുകയാണ്. ഇതിൽ നിന്നുള്ള ദുർഗന്ധം കാരണം നാട്ടുകാർ മൂക്കുപൊത്തിയാണ് ചന്തയിലെത്തുന്നത്.
ഇതുകാരണം പലരും പാരിപ്പള്ളി, ചിറക്കര ചന്തയിലാണ് പോകുന്നതെന്നും കച്ചവടം കുറവാണെന്നും വ്യാപാരികൾ പറയുന്നു. ചന്തയിലെ മാലിന്യം യഥാസമയം മാറ്റാൻ അധികൃതർ തയ്യാറാകാത്തതാണ് ഇതിനെല്ലാം കാരണം.
കല്ലുവാതുക്കൽപഞ്ചായത്തിന് ലേലത്തിലൂടെ കിട്ടിയ തുക ചന്തയുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപയോഗിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.