കൊട്ടാരക്കര : കൊട്ടാരക്കര - നീലേശ്വരം റോഡിൽ അപകടക്കെണി. റോഡ് നവീകരണത്തിനായി വശങ്ങൾ തെളിച്ചത് അപകടം ക്ഷണിച്ചു വരുത്തുന്നു. റോഡിന്റെ ഇടത് വശത്താണ് ഓടയോട് ചേരുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്തത്. ഏറെ നാളായിട്ടും ഇവിടെ നിർമ്മാണം തുടങ്ങിയതുമില്ല. വേനൽ മഴയിൽ ശേഷിച്ച മണ്ണും ഒലിച്ചു പോയതോടെയാണ് അപകടവസ്ഥയിലെത്തിയത്. റോഡിന്റെ ടാറിങ്ങിന്നോട് ചേർന്ന ഭാഗമാണ് ഒലിച്ചു പോയത്. അതുകൊണ്ട് തന്നെ വാഹനങ്ങൾ ഇവിടെ മറിയാൻ സാദ്ധ്യത കൂടുതലാണ്. രാത്രികാലങ്ങളിൽ അപകടം മിക്കവാറും നടക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു.
കലുങ്കും തകർന്നു
ദേശീയ പാതയിൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നാണ് നീലേശ്വരം റോഡ് തുടങ്ങുന്നത്. ഇടയ്ക്കിടം, കരീപ്ര, അമ്പലതുംകാല എന്നിവിടങ്ങളിൽ പോകുന്നതും ഇതുവഴിയാണ്. റോഡ് തുടങ്ങി മൂന്നൂറ് മീറ്റർ എത്തുമ്പോൾ ഉള്ള കലുങ്ക് തകർച്ചയിലാണ്. കൈവരികൾ തകർന്നിട്ട് ഏറെ നാളായി. ചെറിയ തോടിന്റെ കുറുകെയാണ് കലുങ്ക് . വളവുള്ള ഭാഗമാണ്. കുറ്റിക്കാട് വളർന്നു മൂടുകയും ചെയ്തതോടെ ഇവിടം കൂടുതൽ അപകടക്കെണിയാവുകയാണ്. കൊട്ടാരക്കര നഗരസഭയും ഇതൊന്നും കണ്ടതായി നടിക്കുന്നില്ല.