കൊല്ലം : രശ്മി ഹോം അപ്ലയൻസസ് എന്ന വ്യാപാര സ്ഥാപനം കട ഉടമയുടെ ബന്ധുക്കളും ഗുണ്ടകളും ചേർന്ന് തകർക്കുകയും സാധനങ്ങൾ അപഹരിക്കുകയും ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ദേശീയപാത വികസനത്തിന്റെ മറവിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ കെട്ടിട ഉടമകളിൽ നിന്ന് ഇത്തരം ഭീഷണി നേരിടുന്നുണ്ടെന്നും പൊലീസും ഉദ്യോഗസ്ഥരും ഇത്തരം അക്രമങ്ങൾക്ക് കൂട്ട് നിൽക്കുന്നുണ്ടെന്നും യോഗം ആരോപിച്ചു. ദേശീയപാത വികസനത്തിന് കടയുടെ മുൻവശത്ത് നിന്ന് 10 അടി സ്ഥലം മാത്രം മതിയാകുന്ന സ്ഥാനത്താണ് പഴയ ഓഡിറ്റോറിയമായിരുന്ന കെട്ടിടത്തിന്റെ ഷട്ടറും മേൽക്കൂര ഉൾപ്പടെ മുഴുവനും തകർത്തത്. വർഷം തോറും ലക്ഷക്കണക്കിന് രൂപ നികുതി അടയ്ക്കുകയും അമ്പതോളം പേർ തൊഴിൽ ചെയ്യുന്ന സ്ഥാപനവുമാണ് തകർക്കപ്പെട്ടതെന്ന് യോഗം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുവാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, മറ്റ് ഭാരവാഹികളായ കെ.ജെ. മേനോൻ, പുളിമൂട്ടിൽ ബാബു, സുധീർ ചോയ്സ്, മുനീർ വേലിയിൽ, ആർ.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.