
 കേരളം നോളജ് എക്കോണമിയാകണം: മന്ത്രി കെ.എൻ. ബാലഗോപാൽ
കൊല്ലം: മൂന്നുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം വിദ്യാർത്ഥികൾക്ക് ആവേശമായി 23-ാമത് കേരള യൂണിവേഴ്സിറ്റി യൂണിയൻ യുവജനോത്സവത്തിന് കൊല്ലത്ത് തുടക്കമായി. 27ന് സമാപിക്കും. പ്രധാന വേദിയായ കൊല്ലം ശ്രീനാരായണ കോളേജിലെ കെ.പി.എ.സി ലളിത നഗറിൽ ഇന്നലെ വൈകിട്ട് 5ന് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി. മഹാദേവൻ പിള്ള പതാക ഉയർത്തി. 6ന് മന്ത്രി കെ.എൻ. ബാലഗോപാൽ കലോത്സവം ഉദ്ഘാടനം ചെയ്തു.
കേരളം നോളജ് എക്കോണമിയാകണമെന്ന് മന്ത്രി പറഞ്ഞു. അറിവിനെ സമൂഹത്തിന് എങ്ങനെ ഉപകാരപ്പെടുത്താമെന്ന് ചിന്തിക്കണം. സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് കുട്ടികൾ ചിന്തിക്കണം. സമൂഹത്തിന്റെ ചാലകശക്തിയാകേണ്ടത് വിദ്യാർത്ഥി സമൂഹവും അക്കാഡമിക സമൂഹവുമാണ്.
യുവജനോത്സവങ്ങളും കലാപരിപാടികളും മാത്രമല്ല, രാജ്യത്തിന്റെ ലക്ഷ്യത്തിന് അനുസരിച്ച് നീങ്ങുന്ന പ്രവർത്തനങ്ങൾ നടത്താനും കേരളത്തിലെ കാമ്പസുകൾക്ക് കഴിയും. കേരളം "വൃദ്ധരുടെ പേവാർഡ്" ആയി മാറരുതെന്നും മികച്ച തൊഴിലവസരങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. ഡോ. വി. പി. മഹാദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. എം. നൗഷാദ് എം.എൽ.എ, ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ, സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജൻ, അഡ്വ. ജി. മുരളീധരൻ, ഡോ. എസ്. നസീബ്, പ്രൊഫ. കെ. ലളിത, ഡോ. എം. വിജയൻപിള്ള, ഡോ. ജയരാജ്, രഞ്ജു സുരേഷ്, ആർ. അരുൺ കുമാർ, ആർ. സിദ്ധിഖ്, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി നകുൽ ജയചന്ദ്രൻ, ഡോ. എം. ശ്രീകുമാർ, ആർ. ഗോപീകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അനില രാജു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. അനന്തു നന്ദിയും പറഞ്ഞു.
പൂമരം വിദ്യാർത്ഥികളുടെ വാശിയുടെ
കഥ മാത്രമായിരുന്നില്ല: ഏബ്രിഡ് ഷൈൻ
മുമ്പ് യുവജനോത്സവങ്ങളിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞാണ് പൂമരം എന്ന സിനിമ ചിത്രീകരിച്ചതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ സംവിധായകൻ ഏബ്രിഡ് ഷൈൻ പറഞ്ഞു. അന്ന് സിനിമ റിലീസാവുമ്പോൾ ഇവിടെയുള്ള പലരും കോളേജിൽ എത്തുകയോ യുവജനോത്സവം എന്താണെന്ന് അനുഭവിക്കുകയോ ചെയ്തിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ യുവജനോത്സവത്തിൽ നിന്ന് കോളേജ് യുവജനോത്സവം എങ്ങനെ വേറിട്ടുനിൽക്കുന്നു എന്നതാണ് ആ സിനിമയെടുക്കാൻ പ്രേരണയായത്. വിദ്യാർത്ഥികളുടെ വാശിയുടെ കഥയെന്നതിലുപരി വർണശലഭങ്ങളായി കുട്ടികൾ അഞ്ച് രാവും പകലും വേദികളിൽ അലിഞ്ഞുനടക്കുന്നതിന്റെ കാഴ്ചകളായിരുന്നു സിനിമ. അത് പുനഃസൃഷ്ടിക്കുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.