കൊല്ലം: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തിക്കര പാലം പൊളിച്ചുനീക്കും. നിലവിലെ പാലത്തിന് ബലക്ഷയം ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. ആറുവരിപ്പാലമാകും ഇത്തിക്കരയിൽ പുതുതായി വരുക. കൊല്ലത്ത് നിന്ന് ചാത്തന്നൂരിലേക്ക് പോകുമ്പോൾ നിലവിലെ പാലത്തിന്റെ ഇടത് വശത്തായാകും പുതിയ പാലങ്ങൾ. ഇവ പൂർത്തിയായ ശേഷം നിലവിലെ പാലം പൊളിച്ച് നീക്കി പുതിയ രണ്ട് വരിപ്പാലം കൂടി നിർമ്മിക്കും. ജില്ലയിൽ നിലവിലുള്ള മറ്റ് പാലങ്ങളെല്ലാം നിലനിറുത്തി പുതിയ നാലുവരിപ്പാലങ്ങൾ കൂടി നിർമ്മിക്കും.
കറുത്ത നാട മുറിച്ച് ചരിത്രത്തിലേക്ക്
രണ്ടാം അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് ഇത്തിക്കര പാലം നിർമ്മാണം ആരംഭിച്ചത്. 1976 ജനുവരി ആയപ്പോൾ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ നടക്കവേ ഈ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ദിവാകരൻ ജനുവരി 19ന് മരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊണ്ടുപോകാനായി തൊട്ടടുത്ത ദിവസം പാലം തുറന്നു. പാലത്തിന് കുറുകെ കെട്ടിയ കറുത്ത നാട മുറിച്ചായിരുന്നു ഉദ്ഘാടനം. അതിന് മുമ്പേ ഇവിടെ തടിപ്പാലമായിരുന്നു ഉണ്ടായിരുന്നത്.
അനുമതി വൈകൽ; മുഖ്യമന്ത്രിയെ സമീപിക്കും
കരാറേറ്റെടുത്ത കമ്പിനികൾക്ക് പ്ലാന്റുകൾ സ്ഥാപിക്കൽ, മണ്ണെടുക്കൽ തുടങ്ങിയവയ്ക്കുള്ള അനുമതി വിവിധ സർക്കാർ വകുപ്പുകൾ വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി അധികൃതർ. അനുമതി വേഗത്തിൽ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ല.