
കൊല്ലം: അനുഭവങ്ങളുടെ ആലയിൽ ഊതിക്കാച്ചിയ അക്ഷരങ്ങൾ ചേർന്നപ്പോൾ സനിലിന് കനലൊരു തരിമതിയായിരുന്നു കലോത്സവ നഗരിയിൽ കവിത പൂർത്തീകരിക്കാൻ.
മത്സരത്തിന് എഴുതിയതാണെങ്കിലും വാക്കിലും വരികളിലുമെല്ലാം ഭൂതകാലത്തിന്റെ ഇരുൾത്തേങ്ങലുകൾ നേരെഴുത്തായി. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ ബി.എ മലയാളം വിദ്യാർത്ഥിയായ സനിൽ ഇടത് കൈയില്ലാതെയാണ് ജനിച്ചത്.
കഴിഞ്ഞുപോയ പതിനേഴ് വർഷത്തെ ഇരുൾ നിറഞ്ഞ കാലഘട്ടമാണ്, 'ഇരുൾപ്പാമ്പ് പകൽക്കിളിയെ വിഴുങ്ങുമ്പോൾ' എന്ന വിഷയം ലഭിച്ചപ്പോൾ മനസിൽ തട്ടിയത്.
"ഇരുട്ടുമൂടിയ കാട്ടിൻ നടുവിൽ
കറുത്തുനിൽക്കുന്നൊറ്റമരം
പതിഞ്ഞ ശബ്ദമടക്കിത്തേങ്ങി
പൊത്തിലതായൊരു ചെറുപക്ഷി..."
സ്വാനുഭവങ്ങളുടെ നൊമ്പരം ഭാവനയിൽ ചാലിച്ച് കവിതയ്ക്ക് ജീവൻ നൽകി. "ഇരുണ്ടകാട്ടിൽ ഒരുനാൾ സൂര്യൻ ഉദിച്ചിരുന്നെങ്കിൽ, ഒരു നാളിത്തിരി വെളിച്ചമിവിടെ പടർന്നിരുന്നെങ്കിൽ' എന്നുപറഞ്ഞാണ് കവിത അവസാനിപ്പിച്ചത്.
പഠനത്തിനിടയിലും കവിതയും കഥകളും എഴുതിയിരുന്നു. എന്നാൽ ആർക്കും വായിക്കാൻ നൽകിയിരുന്നില്ല. എന്നാൽ കോളേജിലെ കൂട്ടുകാർ പ്രോത്സാഹിപ്പിച്ചതോടെ കോളേജ് മാഗസിനിൽ ഒരു കവിത അച്ചടിമഷി പുരണ്ടു. ഒപ്പം സനിൽ വെണ്ടാർ എന്ന കവിയും.
കൊവിഡ് കാലത്തെ അടച്ചിടലിൽ കവിതയെഴുത്തിനൊപ്പം ഒറ്റക്കൈകൊണ്ട് ശില്പങ്ങളുമൊരുക്കി. മുറ്റംതൂക്കാൻ അമ്മ വാങ്ങിവച്ച ചൂലുകൊണ്ട് ഈർക്കിൽ ശില്പങ്ങളും ബോട്ടിൽ ആർട്ടുകളും ലോട്ടറി ടിക്കറ്റുകൾ ചുരുട്ടിയുണ്ടാക്കിയ കളിവീടുമൊക്കെ ഹിറ്റായി.
മുഖ്യമന്ത്രി പിണറായി വിജയന് അതിലൊരു ശില്പം നേരിട്ട് സമ്മാനിക്കാനുമായി. 40 കവിതകൾ ചേർത്തുവച്ച് 'നിഴൽ മരങ്ങൾ' എന്ന പുസ്തകം മാർച്ചിൽ പ്രകാശനം ചെയ്തു. പുസ്തകത്തിന് ആശംസ അറിയിച്ച് മുഖ്യമന്ത്രി സന്ദേശവും എഴുതിയിട്ടുണ്ട്.
ടയർ പഞ്ചറൊട്ടിക്കുന്ന കൊട്ടാരക്കര വെണ്ടാർ ഇടക്കടമ്പ് മിനി മന്ദിരത്തിൽ സന്തോഷിന്റെയും തുന്നൽ ജോലി ചെയ്യുന്ന മിനിമോളുടെയും ഏക മകനാണ് സനിൽ.