
കൊല്ലം: ലോകത്തിന്റെ വാക്കും വെളിച്ചവുമാണ് ഗുരുക്കന്മാരെന്നും അവരുടെ വാക്കുകൾ കാലാതിവർത്തിയായി നിലകൊള്ളുമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ 23-ാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷനായി. സ്വാമി ജനനന്മ, സ്വാമി സായൂജ്യനാഥ്, സ്വാമി മധുരനാഥൻ, സ്വാമി ചിത്തശുദ്ധൻ, ജനനി ആദിത്യ, ജനനി രേണുരൂപ, ഇ. ഗിരീഷ്, റിട്ട. ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് മുരളി ശ്രീധർ, ആശ്രമം ഉപദേശകസമിതി അംഗങ്ങളായ ഡോ. കെ.എൻ. ശ്യാമപ്രസാദ്, ഡോ.എസ്.എസ്. ഉണ്ണി, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, വി.എസ്.എൻ.കെ ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ പ്രദീപ് ശങ്കർ എന്നിവർ സംസാരിച്ചു. ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തിത്വങ്ങളെയും ശാന്തിഗിരി കൊവിഡ് വിജിലൻസ് ടീമിനെയും ചടങ്ങിൽ അനുമോദിച്ചു.
മേയ് 6ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാതല സത്സംഗങ്ങൾക്ക് തുടക്കം കുറിച്ചത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകരഗുരു ആദിസങ്കല്പത്തിൽ ലയിച്ചതിന്റെ (ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്.