
കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗത്തിന് കേരളത്തിലെ ഇടത് സർക്കാരിൽ നിന്ന് പൂർണ സഹായസഹകരണം ലഭിക്കുന്നുണ്ടെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കരുനാഗപ്പള്ളിയിൽ ആരംഭിച്ച കരുനാഗപ്പള്ളി മൈക്രോയൂണിറ്റ് സോഷ്യൽ വെൽഫയർ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനസമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മൈക്രോ യൂണിറ്റ് പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ കൊള്ളപ്പലിശക്ക് പണം നൽകുന്ന പലിശ രാജാക്കന്മാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ മൈക്രോഫിനാൻസ് യൂണിറ്റുകൾക്ക് കഴിയും. യോഗത്തിന്റെ മുന്നേറ്റത്തിന് എന്നും തടസമായി നിന്നിട്ടുള്ളത് സമുദായത്തിനുള്ളിൽ ഉള്ളവർ തന്നെയാണ്. ഇത്തരക്കാരെ സമുദായം തിരിച്ചറിയണം. ശാഖയിലെ പ്രവർത്തകരുടെയും യൂണിയൻ ഭാരവാഹികളുടെയും സഹായത്താൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ യോഗം നേതൃത്വത്തിന് കഴിയുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.