കൊല്ലം: മഹാത്മജിയുടെ ദർശനങ്ങൾ സാമൂഹിക നന്മയുടെ തത്വശാസ്ത്രമാണെന്നുംഅത് നീതി ശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കണമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഗാന്ധിസത്തിൽ വിശ്വസിക്കുന്നവർ അന്ധമായ രാഷ്ട്രീയ വൈരാഗ്യം വിട്ട് ജനകീയ പ്രശ്നങ്ങളിൽ യോജിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിസത്തിന്റെ കാലിക പ്രസക്തി സമകാലീന ഇന്ത്യയിൽ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായം പറയുന്നവരെ കോൺഗ്രസ് നേതാക്കൾക്ക് ഭയമാണെന്നും അവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.വി. തോമസ് പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം മറന്ന് മുന്നോട്ടു പോകാൻ എല്ലാവരും തയ്യാറാവണം. ഇന്ത്യയിൽ എല്ലായിടത്തും കോൺഗ്രസ് പതാക പറപ്പിക്കാൻ പ്രവർത്തകരുണ്ട്.പക്ഷേ അവരെ നയിക്കാൻ കൂടുതൽ പ്രാപ്തിയും തന്റേടവുമുള്ള നേതൃത്വം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ. അബ്ദുൾ നാസർ, ഫാ. ഡോ. ഒ. തോമസ്, ആർ.പ്രകാശൻ പിള്ള, സി. ഗോപകുമാർ, ഡോ. പത്മകുമാർ, ഗീതു ശിവരാജ് എന്നിവർ സംസാരിച്ചു.