കരുനാഗപ്പള്ളി: ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രാർത്ഥനാഹാളിൽ സംഘടിപ്പിച്ച കരുനാഗപ്പള്ളി മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനവും കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ചെറുകിട വ്യവസായങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ മുഖ്യ അതിഥിയായിരുന്നു. ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ആദ്യ നിക്ഷേപം വ്യവസായ പ്രമുഖൻ തുപ്പാശ്ശേരിൽ വിദ്യാധരനിൽ നിന്ന് യോഗം ജനറൽ സെക്രട്ടറി സ്വീകരിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.സുശീലൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, പി.ആർ.വസന്തൻ, പി.കെ.ബാലചന്ദ്രൻ, പി.കെ.ജയപ്രകാശ്, ജെ.ജയകൃഷ്ണപിള്ള, എൻ.അജയകുമാർ, കെ.ആർ.രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർ (ആഡിറ്റ്) എസ്.ഹാരീസ്, സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടർ എസ്.സജിത്ത് എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് എ.സോമരാജൻ സ്വാഗതവും ഓണററി സെക്രട്ടറി ടി.ആർ.സുഗതൻ നന്ദിയും പറഞ്ഞു.