കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരത്തിലെ ദേശീയപാതയോരത്ത് കാൽ നൂറ്റാണ്ടിലേറെയായി വഴിയോരക്കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ ഒരു നടപടിയുമായില്ല.
കരുനാഗപ്പള്ളി നഗരസഭയിൽ മാത്രം രജിസ്ട്രർ ചെയ്തിട്ടുള്ള, തിരിറിയിൽ കാർഡുള്ള 274 തെരുവോര കച്ചവടക്കാരാണുള്ളത്. ദേശീയപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വീടുകളും കടകളും ഭൂമിയും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്‌തിട്ടും
വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസത്തിന്റെ കാര്യത്തിൽ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇക്കാര്യം ഉൾപ്പടെ പരിഹരിക്കുന്നതിനായി നഗരസഭ കേന്ദ്രീകരിച്ച് വെന്റിംഗ് കമ്മിറ്റി നിലവിൽ വന്നിട്ട് മാസം ഒന്നും കഴിഞ്ഞു.
തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒമ്പത് അംഗങ്ങളും നഗരസഭാ ഉദ്യോഗസ്ഥരും സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥ മേധാവികളും അടങ്ങുന്നതാണ് വെന്റിംഗ് കമ്മിറ്റി. തൊഴിലാളി പ്രതിനിധികളെ തിരഞ്ഞെടുത്തെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ നാളിതു വരെ ചുമതലയേറ്റിട്ടില്ലെന്നാണ് അറിയുന്നത്. അതിനാൽ കമ്മിറ്റി കൂടി തീരുമാനമെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാതയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് വഴിയോര കച്ചവടക്കാർ ഏതു നേരവും ഒഴിയേണ്ടിവരും.
വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് വേണ്ടത്. ഇതിനുള്ള ഒരു നീക്കവും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതാണ് വഴിയോര കച്ചവടക്കാരെ ആശങ്കയിലാക്കുന്നത്. പകലന്തിയോളം ദേശീയപാതയോരത്ത് വെയിലും മഴയും കൊണ്ട് ജോലി എടുക്കുന്നത് കുടുംബം പുലർത്താനാണ്. ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നാണ് വഴിയോര കച്ചവടക്കാർ പറയുന്നത്.