കൊല്ലം: കക്കൂസി​ൽ നി​ന്നുള്ള ദുർഗന്ധം നെടുമ്പന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തി​ലെത്തുന്നവരുടെ ക്ഷമ പരീക്ഷി​ക്കാൻ തുടങ്ങി​യി​ട്ട് നാളേറെ ആയെങ്കി​ലും നടപടി​യി​ല്ല.
മൂന്ന് കിണറുകൾ ആശുപത്രി​ വളപ്പി​ലുണ്ട്. മൂന്നിലും ഉപയോഗയോഗ്യമായ വെള്ളവും. നാല് കക്കൂസുകളുണ്ട്. പക്ഷേ, ഇവി​ടേക്ക് വെള്ളമെത്താത്തതി​നാൽ രണ്ടെണ്ണം അടച്ചിട്ടിരിക്കുകയാണ്. തുറന്നിരിക്കുന്ന കക്കൂസുകളി​ൽ നി​ന്നാണ് രൂക്ഷഗന്ധം വമി​ക്കുന്നത്. ആശുപത്രി പരിസരത്തേക്ക് പോലും അടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരുമാസമായി ആശുപത്രി ഈ അവസ്ഥയിലായി​ട്ടും അധി​കൃതർ അറി​ഞ്ഞഭാവം നടി​ക്കുന്നി​ല്ലെന്ന് നാട്ടുകാർ ആരോപി​ക്കുന്നു.

ആശുപത്രിയിൽ പ്ലംബറുണ്ടായി​ട്ടും കി​ണറ്റിൽ നിന്നു ജലം ടാങ്കിൽ എത്താത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല! മേൽനോട്ട ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരും കാര്യമായി ഇടപെടുന്നില്ല. ദിവസം ശരാശരി 120 ഓളം രോഗികളെത്തും. 40 ഓളം ജീവനക്കാരുമുണ്ട്. രോഗികളും ജീവനക്കാരും ആശുപത്രി​യി​ൽ എത്തി​യ ശേഷം 'ശങ്ക' തോന്നി​യാൽ തി​രി​കെ വീട്ടി​ലെത്തുന്നതുവരെ സഹിക്കുകയേ നിവൃത്തിയുള്ളൂ. ഇതിന്റെ പേരിൽ ജീവനക്കാരുമായി രോഗികൾ കയർക്കുന്നതും പതിവാണ്.

ജീവനക്കാരിലെ പ്രതിപക്ഷ സർവീസ് സംഘടന പ്രവർത്തകർ രണ്ടാഴ്ച മുൻപ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചിരുന്നെങ്കിലും യാതൊരു ഗുണവുമുണ്ടായില്ല. സൂപ്രണ്ട് അടക്കമുള്ള അധികൃതർ സി.എച്ച്.എസ്.സിയിലെ നിലവിലെ പ്രശ്നങ്ങളെ സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

# പെരുമ പേരിലൊതുങ്ങി

സാമൂഹ്യ ആരോഗ്യ കേന്ദ്രമെന്നാണ് പേരെങ്കിലും അതിനൊത്ത ഡോക്ടർമാർ ഇവിടെയില്ല. കൊവിഡിന് ശേഷം അടുത്തിടെ കിടത്തിചികിത്സ തുടങ്ങിയതോടെ പകൽ സമയം ഒരു ഡോക്ടറുടെ സേവനം നഷ്ടമായി. ഹൗസ് സർജനടക്കം ആകെ അഞ്ച് ഡോക്ടർമാരാണ് ഇവിടെയുള്ളത്. നാല് ഡോക്ടർമാരിൽ ഓരോരുത്തർ മാറിമാറിയാണ് നൈറ്റ് ഡ്യൂട്ടി ചെയ്യുന്നത്. നാഷണൽ ഹെൽത്ത് മിഷനെ സമീപിച്ചാൽ താത്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുമെങ്കിലും അതിനുള്ള ഇടപെടൽ ഉണ്ടാകുന്നില്ല.

# ചീത്തവിളി ഫ്രീ!

ജനപ്രതിനിധികളിൽ ചിലർ പതിവായെത്തി ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടത്തുന്നതായും പരാതിയുണ്ട്. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരിൽ വലിയൊരു വിഭാഗം ഇവിടെ നിന്ന് സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്.