കൊല്ലം: തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിനെ ചൊല്ലി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സി.പി.ഐ അംഗമായ നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ ഹണിബഞ്ചമിനും സി.പി.എം കൗൺസിലർ എം. സജീവും തമ്മിൽ വാക്കേറ്റം. തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നടത്തിയ സർവേയിൽ കണ്ടെത്തിയ 100 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്ന അജണ്ടയിലായിരുന്നു തർക്കം.
അർഹരായ നൂറ് കണക്കിന് പേരെ ഒഴിവാക്കിയാണ് തിരിച്ചറിയൽ കാർഡ് നൽകുന്നതെന്ന് എം. സജീവ് ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും കേന്ദ്ര സർക്കാർ 2015ൽ കൊണ്ടുവന്ന വഴിയോര കച്ചവടക്കാരുടെ ഉപജീവനവും സംരക്ഷണവും നിയമം നടപ്പാക്കി. ജില്ലയിലെ കൊട്ടാരക്കര, കരുനാഗപ്പള്ളി, പരവൂർ മുനിസിപ്പാലിറ്റികളിലും നിയമം നടപ്പായി. കൊല്ലം കോർപ്പറേഷൻ മാത്രം നിയമത്തോട് മുഖംതിരിഞ്ഞ് നിൽക്കുകയാണെന്ന് എം. സജീവ് പറഞ്ഞു.
കിട്ടിയ 861 അപേക്ഷകളിൽ ബഹുഭൂരിപക്ഷവും അപൂർണമായിരുന്നുവെന്ന് ഹണി ബഞ്ചമിൻ പറഞ്ഞു. ഇത്രയധികം തെരുവ് കച്ചവടക്കാരെ നഗരത്തിന് താങ്ങാനാകില്ല. നഗരത്തിൽ കാൽനടയാത്ര അസാദ്ധ്യമായിരിക്കുകയാണ്. സർവേയിൽ കണ്ടെത്തിയവരിൽ എല്ലാ രേഖകളും ഹാജരാക്കിയവരെ മാത്രമേ നിലവിലെ സാഹചര്യത്തിൽ തെരുവ് കച്ചവടക്കാരായി അംഗീകരിക്കാൻ കഴിയുകയുള്ളൂവെന്നും ഹണി പറഞ്ഞു. സ്ട്രീറ്റ് വെന്റിംഗ് കമ്മിറ്റിയില്ലാതെ ചില വ്യക്തികൾ മാത്രം നടത്തിയ പരിശോധന അംഗീകരിക്കാനാവില്ലെന്നും ക്ഷേമനിധി അടക്കം നടപ്പാക്കി തെരുവ് കച്ചവടക്കാരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിന് ചിലർ തുരങ്കം വയ്ക്കാൻ ശ്രമിക്കുകയാണെന്നും സജീവ് പറഞ്ഞു. തർക്കം രൂക്ഷമായതോടെ സ്ട്രീറ്റ് വെന്റിംഗ് കമ്മിറ്റി പുന:സംഘടിപ്പിക്കാൻ തീരുമാനിച്ച് തിരിച്ചറിയൽ കാർഡ് വിതരണ അജണ്ട മാറ്റിവച്ചു.