builder

കരുനാഗപ്പള്ളി: കൊവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാനായെങ്കിലും തുടർന്നുണ്ടായ വിലക്കയറ്റത്തെ ഒരു വിധത്തിലും തടഞ്ഞുനിർത്താനാകുന്നില്ല. ഇന്ധന,​ പാചകവാതക വില സകല റെക്കാഡുകളും ഭേദിച്ച് റോക്കറ്റുപോലെ കുതിക്കുകയാണ്. ഇന്ധന വില വർദ്ധന എല്ലാ മേഖലയെയും ബാധിച്ചു. പാചകവാതക വിലയിലെ കുതിച്ചു ചാട്ടം ആഹാരസാധനങ്ങളെപ്പോലും സാധാരണക്കാർക്ക് അപ്രാപ്യമാക്കി. ഇത് കൂടാതെയാണ് മരുന്നിന്റെ വിലയിലുണ്ടായ വർദ്ധന.

പല വ്യാപാരങ്ങളുമായി നേരിട്ടും ആല്ലാതെയും ബന്ധപ്പെട്ടുകിടക്കുന്നതാണ് കെട്ടിട നിർമ്മാണം. അതുകൊണ്ടുതന്നെ അനിയന്ത്രിതമായ വില വ‌ർദ്ധന കെട്ടിട നിർമ്മാണ മേഖലയെ തന്നെ തകർത്തിരിക്കുകയാണ്. കരുനാഗപ്പള്ളിയിൽ കെട്ടിട നിർമ്മാണ മേഖല സ്തംഭനത്തിലാണ്. കാര്യമായ നിർമ്മാണ ജോലികളൊന്നും തന്നെ നടക്കുന്നില്ല.

കെട്ടിട നിർമ്മാണം സാധാരണക്കാരന് എത്തിപ്പെടാൻ കഴിയാത്ത രംഗമായിമാറിക്കഴിഞ്ഞു. ഒരുമാസത്തിനിടെ ഈരംഗത്ത് വൻ വില വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഒരു കടയിലും വില നിലവാര ബോർഡുകൾ പ്രദർശിപ്പിക്കുന്നില്ല. ഉദ്യോഗസ്ഥ പരിശോധനകൾ ഫലപ്രദമല്ലാത്തതിനാൽ വ്യാപാരികൾ അമിത വില ഈടാക്കുന്നതായും പരാതിയുണ്ട്.

ദേശീയപാതയിലും തടസം

ദേശീയപാത വികസനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കരുനാഗപ്പള്ളിയിൽ ഊർജ്ജിതമായി നടക്കുകയാണ്. കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനൊപ്പം,​

പുതിയത് നിർമ്മിക്കുന്നതിനുള്ള നീക്കവും ആരംഭിച്ചു കഴിഞ്ഞു. സർക്കാരിന്റെ നഷ്ടപരിഹാരത്തുക ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ദേശീയ പാതയോരത്ത് കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിനിടെയാണ് നിർമ്മാണ സാമഗ്രഹികളുടെ വിലയിൽ വീണ്ടും വർദ്ധനയുണ്ടായത്.

ക്രമാതീയമായ വില വർദ്ധന നിയന്ത്രിക്കാനായില്ലെങ്കിൽ നിർമ്മാണ മേഖല പൂർണ്ണമായും സ്തംഭിക്കാനാണ് സാദ്ധ്യത. ഇതോടെ തൊഴിൽ മേഖല

വൻ പ്രതിസന്ധിലാകുകയും ചെയ്യും. ഇത് മുമ്പിൽ കണ്ട് വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെടണമെന്നതാണ് ആവശ്യം.

ലൈഫിനും രക്ഷയില്ല

സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം സാമ്പത്തികമായി പാവപ്പെട്ടവർക്ക് ലഭിച്ച വീടുകളുടെ നിർമ്മാണവും പാതി വഴിയിലാണ്. നാല് ലക്ഷം രൂപയണ് ലൈഫ് പദ്ധതി പ്രകാരം ഒരു വീടിന് സർക്കാർ നൽകുന്നത്. ഈ തുകയ്ക്ക് വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ല. ഇതിനിടെയാണ് കെട്ടിട നിർമ്മാണ സാമഗ്രികളുടെ അമിത വിലവർദ്ധന പിടികൂടിയത്.

(ഇനം,​ വർദ്ധന ശതമാനത്തിൽ)​

കമ്പി : 40

പെയിന്റ് : 30

പ്ലംമ്പിംഗ് : 25

സിമന്റ് : 25