കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി താലൂക്കിൽ അക്ഷരപ്പച്ച പദ്ധതിക്ക് തുടക്കമാകുന്നു. താലൂക്കിലെ 100 ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് കാർഷിക ക്ലസ്റ്ററുകൾ രൂപീകരിച്ചുകൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്. ഓരോ ഗ്രന്ഥശാലയുടെ പരിധിയിലും 50 സെന്റിൽ കുറയാത്ത സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിക്കാണ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്.
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി സംഗമത്തിൽ പദ്ധതി അവതരിപ്പിച്ചു. ഇതിന്റെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ത്രിതല പഞ്ചായത്തുകൾ, കൃഷി വകുപ്പ്, ഹരിത കർമ്മസേന, ഗ്രന്ഥശാല പ്രവർത്തകർ , തൊഴിലുറപ്പ് പ്രവർത്തകർ എന്നിവരുടെ സംയോജന സംഘാടനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ഗ്രന്ഥശാലയിലും ജനപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ, കൃഷിക്കാർ എന്നിവരുടെ മേൽനോട്ട സമിതികൾ രൂപീകരിക്കും. ഓരോ പഞ്ചായത്തിലും ഉല്പന്നങ്ങളുടെ വിപണന മേളകൾ സംഘടിപ്പിക്കും. കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർദ്ധിതമാക്കി വിപണനം ചെയ്യാനുള്ള പരിശീലവും സംഘടിപ്പിക്കും.
താലൂക്കിലെ 150 ഏക്കറിൽ പച്ചക്കറി കൃഷിചെയ്യുകയാണ് കൗൺസിന്റെ ലക്ഷ്യം. ഓച്ചിറ പഞ്ചായത്തിലാണ് പദ്ധതിയുടെ തുടക്കം. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി. ജയപ്രകാശ്‌മേനോൻ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ഭാവി പ്രവർത്തന രേഖയും സംസ്ഥാന കൗൺസിൽ ബഡ്ജറ്റും അവതരിപ്പിച്ചു. എസ്.സോമൻ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി. വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.വള്ളിക്കാവ് മോഹൻദാസ്,
പി.കെ.ഗോപാലകൃഷ്ണൻ, എം.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.