photo

കൊല്ലം: "എടീ ചക്കരേ... നിന്നെ തോൽപ്പിച്ചിട്ട് എനിക്ക് സമ്മാനം വേണ്ട"- ഷിഫിനയെ കെട്ടിപ്പിടിച്ചുകൊണ്ട് ആർദ്ര. "ഓ.. അതൊന്നും സാരമില്ല, എനിക്കിപ്പോൾ കാലക്കേടാ..."

വെളിച്ചമില്ലാത്ത കണ്ണുകളിൽ നനവ് പടർന്നെങ്കിലും പുഞ്ചിരിച്ചുകൊണ്ട് ഷിഫിനയുടെ മറുപടി. ശ്രീനാരായണ കോളേജിലെ കെ.പി.എ.സി ലളിത നഗർ വേദിക്ക് പുറത്തെ വികാരനിർഭര നിമിഷങ്ങൾ കണ്ടവരുടെയെല്ലാം ഉള്ളിലൊരു വിങ്ങൽ.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബി.എ ഇംഗ്ളീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ ആർദ്ര സാജനാണ് മിമിക്രിയിൽ വിജയിച്ചത്. കെ.ജി.എഫ് സിനിമയുടെ ബാഗ്രൗണ്ട് ഡി.ജെയാക്കി തുടങ്ങിയ ആർദ്ര ഗായിക ജാനകിയമ്മയെയും പോപ് ഗായിക ഷക്കീറയെയും പിന്നെ ഭീഷ്മപർവം സിനിമയിലെ ഡി.ജെയുമൊക്കെ അവതരിപ്പിച്ചാണ് കാണികളെ കൈയിലെടുത്തത്.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശബ്ദത്തിലൂടെ ഡി.ജെയിലേക്ക് കടന്നത് കരഘോഷത്തിനിടയാക്കി. തിരുവനന്തപുരം ആക്കുളം പ്രൈം ആർക്കേഡിൽ കോൺട്രാക്ടറായ സാജൻ വേളൂറിന്റെയും അദ്ധ്യാപികയായ ദീപയുടെയും മകളായ ആർദ്ര മത്സരം കഴിഞ്ഞപ്പോൾ തന്നെ സമ്മാനം ഉറപ്പിച്ചിരുന്നു.

എന്നാൽ വേദിയിൽ നിമിഷങ്ങൾകൊണ്ട് ശബ്ദ വിസ്മയം തീർത്ത ഷിഫിന മറിയത്തിന്റെ പ്രകടനം അവളെ വിസ്മയിപ്പിച്ചു. ജന്മനാ കാഴ്ചശക്തി നഷ്ടമായെങ്കിലും അനുകരണ കലയിൽ ഷിഫിന സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ അഞ്ചുതവണ ജേതാവാണ്. വർക്കല എസ്.എൻ കോളേജിലെ ബി.എ മലയാളം രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഷിഫിനയ്ക്ക് രണ്ട് വർഷം മുമ്പുണ്ടായ വാഹനാപകടത്തിന്റെ അസ്വസ്ഥതകൾ മാറിയിട്ടില്ല. കോളേജിൽ നിന്നുമടങ്ങവെ കാറിന്റെ പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റതിന്റെ ബുദ്ധിമുട്ടുകൾ വേറെയും. ഈ മാസം 2ന് പരീക്ഷയെഴുതവെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായി. തുടർന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലിരിക്കെ യുവജനോത്സവത്തിനുവേണ്ടി ഡിസ്ചാർജ് വാങ്ങിയെത്തുകയായിരുന്നു.

അച്ഛനില്ലാത്ത തിരുവനന്തപുരം പോത്തൻകോട് തോണിക്കടവ് ബിസ്മി മൻസിലെന്ന വീട്ടിൽ അമ്മ ഷാഹിനയും സഹോദരൻ മുഹമ്മദ് ആൽഫിയയുമാണ് ഷിഫിനയുടെ പ്രോത്സാഹനം. ഈ സങ്കടങ്ങളറിഞ്ഞപ്പോഴാണ് ഒന്നാം സ്ഥാനക്കാരിയായ ആർദ്ര‌യുടെ ഉള്ള് കൂടുത‌ൽ ആർദ്രമായതും തന്റെ ഒന്നാം സ്ഥാനത്തേക്കാൾ പ്രിയപ്പെട്ടതാണ് ഷിഫിനയുടെ സന്തോഷമെന്ന് തിരിച്ചറിഞ്ഞതും.