
കൊല്ലം: ഇരുൾ മൂടിയ ലോകത്ത് കാത് കൂർപ്പിച്ച ഉണ്ണിക്കണ്ണൻ അനുകരണ കലയുടെ തമ്പുരാനാണ്! പ്രകൃതിയുടെ ശബ്ദവിശേഷങ്ങളാണ് സ്കൂൾ കലോത്സവങ്ങളിൽ അവതരിപ്പിച്ച് മികവ് കാട്ടിയതെങ്കിൽ കോളേജുകുമാരനായപ്പോൾ സംഗതി മാറ്റിപ്പിടിച്ചു.
ഇന്നലെ കൊല്ലം എസ്.എൻ കോളേജിലെ കെ.പി.എ.സി ലളിത നഗറിൽ മിമിക്രി മത്സരം ഒന്നിനൊന്ന് മെച്ചമായപ്പോൾ ഉണ്ണിക്കണ്ണന്റെ പ്രകടനത്തിന് മികവേറി. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശബ്ദാനുകരണത്തിൽ തുടങ്ങിയ ഉണ്ണിക്കണ്ണൻ നടന്മാരുടെ ശബ്ദമെടുത്തപ്പോഴേക്കും സദസ് ആവേശത്തിലായി. അജുവർഗീസിൽ തുടങ്ങി ജോജു ജോർജും ധർമ്മജനുമടക്കം ഒൻപത് നടന്മാരുടെ ശബ്ദാനുകരണവും അവർ കൈയടിച്ചു. പത്താമതായി തമിഴിന്റെ സൂപ്പർതാരം വിജയ് യുടെ ശബ്ദമെത്തിയപ്പോഴേക്കും ആവേശത്തിന്റെ കൈയടിയൊച്ചകളേറി. മിന്നുന്ന മത്സരത്തിൽ ഒന്നാമനാണ് ഉണ്ണിക്കണ്ണനെന്ന് വിധിപ്രഖ്യാപനത്തിന് മുന്നേ സദസ് വിധിയെഴുതിയിരുന്നു. മേസ്തിപ്പണിക്കാരനായ ചിറയിൻകീഴ് പോളിച്ചിറ ചരുവിള വീട്ടിൽ അനിലിന്റെയും റീനയുടെയും മകനാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബി.എ ബിരുദ വിദ്യാർത്ഥിയായ ഉണ്ണിക്കണ്ണൻ. ഓടിക്കളിക്കാൻ തുടങ്ങിയ ഒന്നര വയസുകാലത്താണ് ഉണ്ണിക്കണ്ണന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇരുട്ടിൽ തപ്പിത്തടഞ്ഞ് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകേണ്ട ജീവിതം മിമിക്രിയിലൂടെ ആഘോഷമാക്കുകയാണ് ഉണ്ണിക്കണ്ണൻ. പ്രൈമറി സ്കൂൾ അദ്ധ്യാപകനാകണമെന്നാണ് ഇനിയുള്ള മോഹം. അച്ഛനും അമ്മയ്ക്കുമൊപ്പം ഇന്നലെ ട്രെയിനാണ് കൊല്ലത്തെത്തിയതും സമ്മാനവുമായി മടങ്ങിയതും.