railway-
നിർമാണം നിലച്ച തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ സമാന്തര റോഡ്.

പടിഞ്ഞാറേകല്ലട : കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ സമാന്തര റോഡ് നിർമ്മാണം നിലച്ചിട്ട് ആഴ്ചകളാക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ നിർമ്മാണജോലികൾ ചെയ്തിരുന്നത്. വിഷുവിന് മുമ്പേ നാട്ടിൽ പോയ തൊഴിലാളികൾ ഇതുവരെ മടങ്ങിയെത്താത്തതാണ് ജോലി തടസ്സപ്പെടാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

ഈ മാസം അവസാനത്തോടെ നിർമ്മാണജോലികൾ പൂർത്തിയാക്കി

പൊതുഗതാഗതത്തിന് തുറന്നു കൊടുക്കാനായി വളരെ വേഗതയിലായിരുന്നു ഇവിടെ ജോലികൾ നടന്നു വന്നത്.

ഏതാണ്ട് 90 ശതമാനം ജോലികളും പൂർത്തിയാക്കുകയും ചെയ്തു. ശേഷിക്കുന്ന പാർശ്വഭിത്തി നിർമ്മാണവും ടാറിംഗ് ജോലികളും എത്രയും വേഗം പൂർത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

റോ‌ഡ് 'പോസ്റ്റായി'

റെയിൽവേ അടിപ്പാതയുടെ സമാന്തര റോഡിൽ ക്ഷേത്ര നടപ്പന്തലിനോട് ചേർന്നുനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തത് നിർമ്മാണത്തിന് തടസ്സമാകുന്നു. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക് റെയിൽവേയുടെ സ്ഥലത്ത് അവരുടെ അനുമതിയില്ലാതെ സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകളും ലൈൻകമ്പികളും മാറ്റി സ്ഥാപിക്കാനുള്ള ചെലവ് വഹിക്കില്ല എന്ന നിലപാടിലാണ് റെയിൽവേ. ഇക്കാര്യം കാണിച്ച് റെയിൽവേ,​ വൈദ്യുതി ബോർഡിന് കത്ത് നൽകിയതനുസരിച്ച് കെ.എസ്.ഇ.ബി ശാസ്താംകോട്ട അസി. എൻജിനീയറുടെ ഓഫീസ് 55,729 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വൈദ്യുതി ബോർഡിന് ശുപാർശ ചെയ്തതായും അറിയുന്നു.